സർക്കാർ ഉത്തരവിറങ്ങിയിട്ടും അഞ്ചുമാസമായി പ്രതിഫലമില്ല
text_fieldsതൃശൂർ: സർക്കാർ അനുവദിച്ചിട്ടും ദേശീയ സമ്പാദ്യ പദ്ധതി ഏജൻറുമാർക്ക് അഞ്ചുമാസത്തെ പ്രതിഫലം ലഭിച്ചില്ല. കോവിഡ് കാലത്തെ പ്രവർത്തനം വിലയിരുത്തുന്നത് സംബന്ധിച്ച ആശങ്കക്കൊപ്പം നാഷനൽ ഇൻഫോർമാറ്റിക് സെൻററിലെ (എൻ.ഐ.സി) െസർവർ തകരാർ കൂടിയായതോടെയാണ് സംസ്ഥാനത്തെ പതിനായിരത്തോളം ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാരുടെ ജീവിതം പ്രതിസന്ധിയിലായത്. കഴിഞ്ഞ മാർച്ചിലാണ് ഏജൻറുമാർക്ക് അവസാനമായി പ്രതിഫലം ലഭിച്ചത്. ഏപ്രിലിൽ ലോക്ഡൗണായതിനാൽ ഏജൻറുമാർ സേവനത്തിൽനിന്ന് മാറിനിൽക്കാനായിരുന്നു ഉത്തരവ്. തുടർന്ന് മേയ് മുതൽ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുവാദം നൽകുകയായിരുന്നു.
കോവിഡ്കാല മാറ്റങ്ങൾ എങ്ങനെ രേഖയിൽ അവതരിപ്പിക്കാമെന്ന പോസ്റ്റൽ- ദേശീയ സമ്പാദ്യ പദ്ധതി വകുപ്പുകളിലെ ആശയക്കുഴപ്പത്തെത്തുടർന്ന് പ്രതിഫല നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. സമയാസമയങ്ങളിൽ പ്രതിഫലം അനുവദിക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങുമെങ്കിലും തുക ഏജൻറുമാരുടെ കൈയിലെത്തിയില്ല. ക്ഷേമനിധി ഉള്ളവർക്ക് സർക്കാർ അനുവദിച്ച കോവിഡ്കാല സമാശ്വാസ തുക പോലും ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാർക്ക് അനുവദിച്ചില്ലെന്ന പരാതി മഹിള പ്രധാൻ ഏജൻറുമാർ ഉന്നയിക്കുന്നുണ്ട്. രണ്ട് മാസമായി ദേശീയ സമ്പാദ്യ പദ്ധതി വിവരങ്ങൾ സൂക്ഷിക്കുന്ന നാഷനൽ ഇൻഫോർമാറ്റിക് സെൻററിലെ (എൻ.ഐ.സി) െസർവർ തകരാറിലായതും ഏജൻറുമാർക്ക് ഇരുട്ടടിയായി. െസർവർ ശരിയാകുന്ന മുറക്കായിരിക്കും നടപടികൾ. അതിനാൽ തുക കൈയിലെത്താൻ ഇനിയും വൈകാനിടയുണ്ടെന്ന് ദേശീയ സമ്പാദ്യ പദ്ധതി അധികൃതർ പറയുന്നു.
കോവിഡ് പ്രവർത്തനത്തിന് ദേശീയ സമ്പാദ്യ പദ്ധതി ഏജൻറുമാരെ ഉപയോഗപ്പെടുത്താൻ നിർദേശം
തൃശൂർ: കോവിഡ് സന്നദ്ധപ്രവർത്തനത്തിന് മഹിള പ്രധാൻ, എസ്.എ.എസ് ഏജൻറുമാരെ ഉപയോഗപ്പെടുത്താൻ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് നിർദേശം. ജില്ല കലക്ടറുടെ നിർദേശപ്രകാരം വിവരശേഖരണം ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. ഏജൻറുമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ആനുകൂല്യത്തിന് അർഹമാകണമെങ്കിൽ കോവിഡ് പ്രവർത്തനത്തിെൻറ ഭാഗമാകേണ്ടിവരും.
ഇതുസംബന്ധിച്ച തുടർനിർദേശങ്ങൾ ജില്ല കലക്ടർമാർ പുറപ്പെടുവിച്ചിട്ടില്ല. കലക്ടർമാർ അങ്ങനെ ഏജൻറുമാരെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ ആ വിവരം ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിൽ അറിയിക്കണമെന്നും ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടർ എസ്. മനു ഇതുസംബന്ധിച്ച ഉത്തരവിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.