കുന്നംകുളത്ത് പൊതുശൗചാലയങ്ങളുണ്ട് കടലാസിൽ...
text_fieldsകുന്നംകുളം: നഗരത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള പൊതുശൗചാലയങ്ങൾ...കേട്ടപ്പോൾ ആശ്വാസം തോന്നിയോ? അതുപേക്ഷ കടലാസിൽ മാത്രമാണെന്നറിഞ്ഞാലോ...
നഗരത്തിലെത്തുന്നവർ പ്രാഥമികാവശ്യങ്ങൾക്ക് മൂക്കും വായും പൊത്തി കയറേണ്ട അവസ്ഥയാണ്. പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനാണ് വലിയൊരു വിഭാഗത്തിന് ആശ്രയം. ഇതിന്റെ നടത്തിപ്പുകരാർ എടുക്കുന്നവർ ‘ശുചിത്വം’ എന്ന് കേട്ടിട്ടുപോലുമില്ലാത്ത മട്ടാണ്. ഇതിന്റെ ദുരിതം സദാ അനുഭവിക്കേണ്ടത് സമീപത്തെ കച്ചവടക്കാരാണ്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഓടിയെത്തുന്നവർ വേറെ വഴിയില്ലാതെ വരുന്നതാണ്. മിക്കപ്പോഴും വെള്ളം ‘സ്പൂൺ’ കണക്കിനാണ്. ഒന്നിനും രണ്ടിനുമൊക്കെ നിശ്ചിത തുകയുണ്ട്, എന്നാൽ, അതിലധികം വാങ്ങുന്നുവെന്ന പരാതിയുണ്ട്.
താഴത്തെപാറയിൽ ടെമ്പോ സ്റ്റാൻഡിനടുത്തുള്ള കംഫർട്ട് സ്റ്റേഷന്റെ അവസ്ഥയും ഭേദമല്ല. നഗരത്തിൽ രണ്ടിടത്ത് ‘ടേക്ക് എ ബ്രേക്ക്’ സെന്ററുകൾ ഏഴ് മാസമായി പ്രവർത്തിക്കുന്നുണ്ട്; തുറക്കുളം മാർക്കറ്റിലും ജവഹർ സ്ക്വയർ സ്റ്റേഡിയത്തിനടുത്തും. പൊതുജനത്തിന് ഉപയോഗിക്കാൻ ഇ-ടോയ്ലറ്റിന് ഫണ്ട് അനുവദിച്ചെങ്കിലും സ്ഥാപിക്കാൻ പറ്റിയ സ്ഥലം കിട്ടാത്തതിനാലാണേത്ര, നടപ്പായിട്ടില്ല. തൃശൂർ റോഡിലെ കാണിപ്പയ്യൂരിൽ നഗരസഭ പുറമ്പോക്കിൽ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതികതടസ്സം ഉയർന്നു, ഉപേക്ഷിച്ചു. വടക്കാഞ്ചേരി റോഡിൽ സ്ഥലം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സ്ഥലം കിട്ടുമ്പോൾ സ്ഥാപിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. അതുവരെ നഗരത്തിലെത്തുന്നവർ ‘മുട്ട് തടുക്കുകയോ’ വൃത്തിഹീന അന്തരീക്ഷത്തിൽ കാര്യം സാധിക്കുകയോ ചെയ്യുന്നതിന് നഗരസഭക്ക് സങ്കോചമില്ലെന്നർഥം.
ശൗചാലയങ്ങൾ വേഗം സ്ഥാപിക്കും -സീത രവീന്ദ്രൻ, നഗരസഭ ചെയർപേഴ്സൻ
നഗരസഭ പരിധിയിൽ അത്യാധുനിക രീതിയിൽ ശൗചാലയങ്ങൾ സ്ഥാപിക്കാൻ നടപടി വേഗത്തിലാക്കുമെന്ന് ചെയർപേഴ്സൻ സീത രവീന്ദ്രൻ പറഞ്ഞു. താലൂക്ക് ആസ്ഥാനമന്ദിരം നിർമിക്കുന്ന താഞ്ചൻകുന്നിൽ ഇ-ടോയ്ലറ്റ് സ്ഥാപിക്കും. അതിനുള്ള പ്ലാൻ സമർപ്പിച്ചിട്ടുണ്ടെന്നും കലക്ടർ അനുമതി തന്നാലുടൻ നടക്കുമെന്നും അവർ പറഞ്ഞു. അയ്യപ്പത്ത് റോഡിൽ നിലവിൽ ചുമട്ടുതൊഴിലാളി യൂനിയൻ ഷെഡ് നിൽക്കുന്നിടത്ത് ഇ-ടോയ്ലറ്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലമായതിനാൽ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ട്. കാണിപ്പയ്യൂരിൽ സ്കൂട്ടർ റീചാർജ് സെന്ററിന് സമീപത്ത് പൊതുശൗചാലയം സ്ഥാപിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
നിലവിലെ കംഫർട്ട് സ്റ്റേഷനുകളുടെ പ്രവർത്തനത്തിനുവേണ്ട സൗകര്യം ഒരുക്കും. അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.