നവീകരണമില്ല: മാലിന്യം നിറഞ്ഞ് കദളിച്ചിറ
text_fieldsആളൂര്‍: കടുത്ത വേനലിലും തെളിനീരിന്റെ നിറസമൃദ്ധമായിരുന്ന ആളൂര്‍ കദളിച്ചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കില്‍. നാലേക്കറോളം വിസ്തൃതിയുള്ള ചിറ മാലിന്യവും ചണ്ടിയും പുല്ലും നിറഞ്ഞ അവസ്ഥയിലാണ്. ആളൂര്‍ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയുടെ ഒരു ഭാഗത്ത് കുടിവെള്ള പദ്ധതി കിണറും പമ്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്.
ഉറുമ്പന്‍കുന്നില്‍ സ്ഥാപിച്ച ജലസംഭരണിയിലക്ക് പമ്പുചെയ്യുന്ന വെള്ളം കൊമ്പൊടിഞ്ഞാമാക്കല്‍, ആനത്തടം, എടത്താടന്‍ കവല, ഉറുമ്പന്‍കുന്ന്, ആളൂര്‍ ജങ്ഷന് തുടങ്ങിയ മേഖലയിലാണ് വിതരണം ചെയ്യുന്നത്.
ചാലക്കുടി നഗരസഭയുടെ ചില പ്രദേശങ്ങളിലേക്കും ഇവിടെനിന്ന് കുടിവെള്ളം എത്തിക്കുന്നുണ്ട്. ആനത്തടം പ്രദേശത്തേക്ക് ജലസേചനത്തിന് വെള്ളം എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും ചിറയുടെ മറ്റൊരുവശത്ത് സ്ഥാപിച്ചിട്ടുണ്ട്.
സമീപത്തുകൂടി പോകുന്ന ചാലക്കുടി ഇറിഗേഷന്‍ വലതുകനാലില്നിന്ന് ചിറയിലേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനവും നിലവിലുണ്ട്. വര്‍ഷങ്ങളോളം ചണ്ടിയും പുല്ലും നിറഞ്ഞ് നാശോന്മുഖമായ കദളിച്ചിറയില്‍ ഏതാനും വര്‍ഷം മുമ്പ് ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ 15 ലക്ഷം രൂപ ചെലവില്‍ പുനരുദ്ധാരണം നടന്നിരുന്നു.
എന്നാല്‍ ചിറ നിലവിൽ പുല്ലുമൂടിയ നിലയിലാണ്. ചിറക്കുചുറ്റുമുള്ള സ്ഥലത്തിന്റെ കുറേഭാഗം അന്യാധീനപ്പെട്ടത് പിന്നീട് പഞ്ചായത്ത് ഇടപെട്ട് ഒഴിപ്പിച്ചെടുക്കുകയും കരിങ്കല്‍കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. സൗന്ദര്യവത്കരണ ഭാഗമായി ചിറയുടെ കരയില്‍ സ്ഥാപിച്ച സിമന്റ് ബഞ്ചുകള്‍ ഇടിഞ്ഞും കാടുമൂടിയും കിടക്കുകയാണ്.
പൂര്‍വികര്‍ സമ്മാനിച്ച കദളിച്ചിറയിലെ ജലസമ്പത്ത് കാത്തുസൂക്ഷിക്കാനും ചിറയും പരിസരവും സൗന്ദര്യവത്കരിക്കാനും നടപടി വേണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.