ഉന്നത ഉദ്യോഗസ്ഥരില്ല; കുത്തഴിഞ്ഞ് ജി.എസ്.ടി വകുപ്പ് നികുതി വരുമാനത്തെ ബാധിക്കുന്നു
text_fieldsതൃശൂർ: ഖജനാവിലേക്ക് പണം എത്തിക്കുന്ന സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥ തസ്തികകളിൽ ആളില്ല. നാല് ജോയൻറ് കമീഷണർമാർ, ഇരുപതിലേറെ ഡെപ്യൂട്ടി കമീഷണർമാർ, അമ്പതോളം ടാക്സ് ഓഫിസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ വകുപ്പിെൻറ പ്രവർത്തനം അവതാളത്തിലാണ്. തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് വിഭാഗത്തിലും കാസർകോട്, ഇടുക്കി ജില്ല ജോയൻറ് കമീഷണർ തസ്തികകളിലും ആളില്ല. 14 ജില്ലകളിലായി 20ലേറെ ഡെപ്യൂട്ടി കമീഷണർ കസേരകളും ഒഴിഞ്ഞുകിടക്കുന്നു.
അടിസ്ഥാനപരമായ നികുതി നിർണയം നടക്കേണ്ട സർക്കിൾ ഓഫിസുകളിൽ ഇത്രയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് നികുതി വരുമാനത്തെ ബാധിക്കുന്നുണ്ട്. നികുതി നിർണയ നോട്ടീസ് അയച്ച്, മറുപടി കിട്ടിയവ പരിശോധിച്ച് വീണ്ടും നോട്ടീസ് നൽകി മറുപടിയും രേഖകളും പരിശോധിച്ച് നികുതി നിർണയം പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരുന്നു. നേരത്തേയുണ്ടായ ജോലിക്കയറ്റത്തിനും വിരമിക്കലിനും അനുസരിച്ച് തുടർനടപടി സ്വീകരിക്കാത്തതാണ് പ്രശനമായത്. കൂടാതെ, ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ഡെപ്യൂേട്ടഷനിൽ ഉന്നത ഉദ്യോഗസ്ഥർ പോയതും ഒഴിവുകളുടെ എണ്ണം കൂട്ടി.
ഒഴിവുള്ള തസ്തികകളിൽ പലർക്കും അധിക ചുമതല നൽകിയിരിക്കുകയാണ്. ഇത് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒഴിവിനനുസരിച്ച് ജോലിക്കയറ്റവും സ്ഥലംമാറ്റവും നൽകാത്തതിനാൽ കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തനം. കോവിഡ് കാലത്ത് ദൂരെ പോയി ജോലി ചെയ്യുന്നത് ദുഷ്കരമായതിനാൽ പൊതു സ്ഥലംമാറ്റം പ്രതീക്ഷിച്ച് കഴിയുന്ന ജീവനക്കാർ റിസ്ക് എടുക്കാൻ തയാറല്ലാത്ത സാഹചര്യവുമുണ്ട്. വകുപ്പ് പുനഃക്രമീകരണത്തിന് കാത്തുനിൽക്കാതെ ജോലിക്കയറ്റവും സ്ഥലംമാറ്റവും നടത്താൻ മന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയെങ്കിലും നടപ്പാക്കാൻ കമീഷണറേറ്റിലെ ഉന്നതർ വിമുഖത കാണിക്കുകയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. കമീഷണർ ആനന്ദ് സിങ് മാറി രത്തൻ ഖേൽകർ ചുമതല ഏറ്റെങ്കിലും മെല്ലെപ്പോക്കിന് മാറ്റമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.