അടിപ്പാത വേണ്ട; കൊരട്ടിയിൽ മേൽപാലം മതിയെന്ന് നാട്ടുകാർ
text_fieldsകൊരട്ടി: കൊരട്ടി ജങ്ഷനിൽ അടിപ്പാത നിർമിക്കേണ്ടെന്ന് പ്രദേശവാസികൾ. അടിപ്പാത നിർമിച്ചാൽ ഒരു വൻമതിൽ പോലെ കൊരട്ടി ജങ്ഷൻ രണ്ട് ഭാഗങ്ങളായി അടഞ്ഞുപോകുമെന്നും അതിനാൽ മേൽപാലം മതിയെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. അടിപ്പാത നിർമിച്ചാൽ കൊരട്ടിയുടെ വികസനം മുരടിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. അടിപ്പാത നിർമാണത്തിനെതിരെ നിയമപരമായി പോകുമെന്നാണ് ഇവർ പറയുന്നത്.
കൊരട്ടിയിലെ മർച്ചന്റ്സ് അസോസിയേഷനും സേവ് കൊരട്ടി സംഘടനയും മുന്നിട്ടിറങ്ങി ഈ വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചുകൂട്ടിയിരുന്നു. അടിപ്പാതക്കെതിരെ ഹൈകോടതിയെ സമീപിക്കും.
ദേശീയപാത 544ൽ കൊരട്ടി ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് അടിപ്പാത നിർമിക്കാൻ ദേശീയപാത അധികൃതർ തീരുമാനിച്ചത്. ഇപ്പോൾ അടിപ്പാത നിർമാണം ടെൻഡർ ഘട്ടത്തിലാണ്. ചാലക്കുടി മേഖലയിൽ നാല് അടിപ്പാതകൾ നിർമിക്കാൻ പദ്ധതി തയാറായിട്ടുണ്ട്. ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളാണ് മറ്റ് സ്ഥലങ്ങൾ.
ചാലക്കുടി മേഖലയിൽ ദേശീയപാതയിൽ രണ്ട് സ്ഥലത്ത് മേൽപാലവും രണ്ട് സ്ഥലത്ത് അടിപ്പാതയും വന്നിട്ടുണ്ട്. കൊരട്ടിക്കടുത്ത് മുരിങ്ങൂർ ഡിവൈൻ അടിപ്പാത, ചാലക്കുടി നഗരസഭ ജങ്ഷൻ അടിപ്പാത എന്നിങ്ങനെയാണ് അടിപ്പാതകൾ. ചാലക്കുടി സൗത്ത്, പോട്ട എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ.
പ്രദേശത്തെ ഇരുഭാഗത്തെയും കാഴ്ചകൾ പരസ്പരം കോട്ടപോലെ മറയ്ക്കുന്ന ഈ അടിപ്പാതകളെ കുറിച്ച് വലിയ പരാതികളാണ് നാട്ടുകാർക്കും വ്യാപാരികൾക്കുമുള്ളത്. വ്യാപാരത്തെ മാത്രമല്ല, ജനങ്ങളുടെ സാമൂഹിക ബന്ധങ്ങളെ കൂടി പ്രതികൂലമായി ബാധിക്കും.
ഇൻഫോ പാർക്ക്, വ്യവസായ പാർക്ക് എന്നിവ പ്രവർത്തിക്കുന്ന കൊരട്ടിയുടെ വികസനവും മുരടിക്കും. അതുകൊണ്ട് ഇവിടെ മേൽപാലം നിർമിക്കുകയാണ് വേണ്ടതെന്നാണ് അഭിപ്രായം. മേൽപാലം നിർമാണം തന്നെ പ്രദേശത്ത് പ്രതിസന്ധിയുണ്ടാക്കും എന്നാണ് ആക്ഷേപം.
ദേശീയപാതയിലൂടെ വരുന്നവർക്ക് ചാലക്കുടി സൗത്ത് കാണാതെ പോകുന്നുവെന്നാണ് പരാതി. സമീപത്തെ തിരക്കേറിയ നഗരമായ അങ്കമാലിയിൽ വ്യാപാരികളുടെയും നാട്ടുകാരുടെയും കടുത്ത എതിർപ്പ് മൂലം ദേശീയപാതയിൽ അടിപ്പാതയോ മേൽപാലമോ ഇതുവരെ നിർമിക്കാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.