വളഞ്ഞൂപ്പാടത്ത് മാലിന്യ സംസ്കരണ പ്ലാന്റ് വേണ്ടെന്ന്
text_fieldsആമ്പല്ലൂർ: പുതുക്കാട് പഞ്ചായത്തിലെ വളഞ്ഞൂപ്പാടത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വിശേഷാൽ ഗ്രാമസഭയിൽ പ്രതിഷേധം. മാലിന്യപ്ലാന്റിനു പകരം സ്കിൽ പാർക്ക്, ഐ.ടി.ഐ, കളിസ്ഥലം എന്നിവയിൽ ഏതെങ്കിലും സ്ഥാപിക്കാനുള്ള പദ്ധതികൾ തയാറാക്കണമെന്ന് ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വളഞ്ഞൂപ്പാടത്ത് മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമസഭാംഗങ്ങളുടെ നോട്ടീസിൽ വിളിച്ചുചേർത്ത പ്രത്യേക ഗ്രാമസഭയിൽ പ്രമേയ അവതരണം യോഗാവസാനത്തിലേക്ക് മാറ്റിവെച്ചതും പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്ത് രാജ് ചട്ടം തെറ്റായി വ്യാഖ്യാനിച്ചാണ് ഗ്രാമസഭ അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് പ്രമേയ അവതരണം മാറ്റിവെച്ചതെന്നായിരുന്നു അംഗങ്ങളുടെ ആരോപണം.
പ്രമേയം അവതരണത്തിന് മുൻകൂട്ടി സമർപ്പിക്കണമെന്നും പകർപ്പ് എല്ലാ വീടുകളിലും എത്തിച്ച ശേഷം മാത്രമേ ചർച്ച ചെയ്ത് പാസാക്കാൻ കഴിയൂവെന്നുമുള്ള പ്രസിഡന്റിന്റെ വാദം ഗ്രാമസഭാംഗങ്ങൾ എതിർത്തു. തുടർന്ന് ഗ്രാമസഭയിലെ ഒരംഗം പഞ്ചായത്ത് രാജ് ചട്ടത്തിന്റെ പകർപ്പ് ഹാജരാക്കിയ ശേഷമാണ് പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയത്.
കെ.ജി. ലിപിൻ അവതരിപ്പിച്ച പ്രമേയം ഗ്രാമസഭ ഐകകണ്ഠേന പാസാക്കി. പ്രമേയത്തിന്റെ പകർപ്പ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല ഭരണകൂടം എന്നിവക്കും സംസ്ഥാന സർക്കാറിനും അയച്ചു നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രശ്മി ശ്രീഷോബ്, ജൂനിയർ സൂപ്രണ്ട് കെ.എം. വിജയൻ, പഞ്ചായത്തംഗങ്ങൾ, കിലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരും ഗ്രാമസഭയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.