ഓംബുഡ്സ്മാൻ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഒറ്റയാൻ സമരം
text_fieldsവെള്ളാങ്ങല്ലൂർ: ഓംബുഡ്സ്മാൻ ഉത്തരവ് പഞ്ചായത്ത് നടപ്പാക്കാത്തതിനെതിരെ 70കാരൻ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം നടത്തി. കളച്ചാട്ടിൽ രാധാകൃഷ്ണനാണ് സമരം നടത്തിയത്. തെക്കുംകര വില്ലേജിലെ 19ാം വാർഡിലെ പൈങ്ങോട്ടിൽ റോഡിനോട് ചേർന്ന തന്റെ സ്ഥലം അതിർത്തിക്കല്ല് ഉൾപ്പെടെ മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചിട്ടത് പുനഃക്രമീകരിക്കാനുള്ള ഓംബുഡ്സ്മാൻ ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
മതിൽ കെട്ടിയപ്പോൾ റോഡരികിൽനിന്ന് രണ്ട് അടി ഉള്ളിലേക്ക് നീക്കിയാണ് നിർമിച്ചതെന്നും പിന്നീട് റോഡിന് വീതി കൂട്ടാൻ ബുദ്ധിമുട്ടില്ലാതിരിക്കാനാണ് ഇങ്ങനെ മതിൽ നിർമിച്ചതെന്നും രാധാകൃഷ്ണൻ പറയുന്നു. എന്നാൽ രാധാകൃഷ്ണന്റെ അനുവാദം കൂടാതെ താലൂക്ക് ഉദ്യോഗസ്ഥർ അളന്നിട്ട അതിർത്തിക്കല്ല് ഉൾപ്പെടെ പഞ്ചായത്ത് അധികൃതർ ഇടിച്ച് റോഡ് നിരപ്പിന് അനുസൃതമാക്കി. പിന്നീട് ഇവിടെ ടാറിങ്ങും ചെയ്തു. തുടർന്ന് രാധാകൃഷ്ണൻ കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമീഷനും ഓംബുഡ്സ്മാനും പരാതി നൽകി.
കഴിഞ്ഞവർഷം ഓംബുഡ്സ്മാൻ രാധാകൃഷ്ണനേയും സെക്രട്ടറിയേയും ഓൺലൈനിൽ മീറ്റിങ് നടത്തി മൂന്ന് മാസത്തിനുള്ളിൽ റോഡ് അളന്ന് തിട്ടപ്പെടുത്താനും രാധാകൃഷ്ണന്റെ മതിലിനോട് ചേർന്ന സ്ഥലം അളന്ന് നിർണയിക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ആഗസ്റ്റിൽ ഇതിന്റെ കാലാവധി തീർന്നിട്ടും നടപടി ഉണ്ടായില്ലെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. ഇതിനെതിരെയാണ് സമരം. പരിഹാരം ഉണ്ടാകാത്തപക്ഷം മരണംവരെ സമരം ചെയ്യുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കുറച്ചുനാൾ മുമ്പ് ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ 2000 രൂപ സംഭാവന ചോദിച്ചത് നൽകാത്തതിന്റെ വൈരാഗ്യമാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.