അന്തിമ റിപ്പോർട്ട് വന്നു: 'നോറോ' വൈറസ് തന്നെ, തൃശൂരിൽ നിരീക്ഷണം ശക്തം
text_fieldsതൃശൂർ: സെൻറ് മേരീസ് കോളജ് ഹോസ്റ്റലിലെ കുട്ടികളെ ബാധിച്ചത് 'നോറോ' വൈറസ് തന്നെയെന്ന് അന്തിമ റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കുശേഷം ആലപ്പുഴ വൈറോളജി ലാബിൽനിന്ന് ഇ-മെയിലിൽ എത്തിയ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇതോടെ രോഗം നിയന്ത്രിക്കുന്നതിന് കർശന നിർദേശങ്ങൾ കോളജ് അധികൃതർക്ക് ഡി.എം.ഒ നൽകി. 54 കുട്ടികൾക്കും മൂന്നു ജീവനക്കാർക്കും അടക്കം 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം എട്ടു മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു എങ്കിലും ഇവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിനാൽ ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല.
ഇതിൽ 20 പേരൊഴികെ ബാക്കി 37 പേരും അവരുടെ നാട്ടിലാണുള്ളത്. അതുകൊണ്ടുതന്നെ രോഗികളുടെ പേരും വിലാസവും വിവരങ്ങളും ശേഖരിച്ച് അതത് ജില്ല ആരോഗ്യ വിഭാഗങ്ങളിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ആശങ്ക പുലർത്തേണ്ട ഒരു സംഗതിയുമില്ല. ജില്ല ആരോഗ്യ കാര്യാലയത്തിന് സമീപത്തുള്ള ഹോസ്റ്റലിലെ സ്ഥിതി വിശേഷങ്ങൾ അതുകൊണ്ടുതന്നെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുന്നുണ്ട്. കാര്യങ്ങൾ നിയന്ത്രണ വിധേയവുമാണ്. അന്തിമ റിപ്പോർട്ട് വന്നതിെൻറ അടിസ്ഥാനത്തിൽ കോളജിൽ നിരീക്ഷണം ശക്തമാക്കിയെന്നും ഡി.എം.ഒ വ്യക്തമാക്കി.
അതേസമയം, ഇതര കോളജുകൾ, ഹോസ്റ്റലുകൾ, വർക്കിങ് ഹോസ്റ്റലുകൾ, അന്തർ സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങൾ, ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുവാൻ വിവിധ താലൂക്ക് ആരോഗ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിെട സെൻറ് മേരീസ് കോളജ് ഹോസ്റ്റലിലെ വെള്ളത്തിൽ ഇ-കോളിൻ അംശം കണ്ടെത്തിയതായി ഡി.എം.ഒ ഡോ. കുട്ടപ്പൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചതെന്ന് തൃശൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും സ്ഥിതി നിന്ത്രണവിധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.