കാലവർഷവും വരൾച്ചയും മാത്രമല്ല കൃഷിവകുപ്പും കർഷകരെ ചതിച്ചു
text_fieldsതൃശൂർ: കഴിഞ്ഞ കാലവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെയും കൃഷി വകുപ്പ് നഷ്ടപരിഹാരം നൽകിയില്ല. കഴിഞ്ഞ ഏപ്രിൽ 30 വരെയുള്ള അപേക്ഷകൾക്കാണ് ഇതുവരെ വകുപ്പ് സഹായം നൽകിയത്. തുടർന്ന് മേയിലെ വേനൽമഴയിലും ജൂണിൽ തുടങ്ങിയ കാലവർഷത്തിലും നശിച്ച കൃഷിക്ക് ഇതുവരെ ഒന്നും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം 4017 പേരാണ് നഷ്ടപരിഹാരത്തിന് അർഹരായത്. ഇതിൽ 1003 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്.
ജില്ലയിൽ കഴിഞ്ഞ വർഷം 22.35 കോടിയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. കൃഷിഭവനുകളിലൂടെ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അതേസമയം, നാശം സംഭവിച്ച വിളകൾക്ക് പരമാവധി നൽകുക 3.18 കോടി രൂപ മാത്രമാണ്. പ്രഥമ വിവര റിപ്പോർട്ട് പ്രകാരമാണ് ഇത്രയും തുകയുടെ നഷ്ടം കണക്കാക്കപ്പെടുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വെള്ളം കയറുമ്പോൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് നെൽകൃഷിയുടെയും നഷ്ടതുക കണക്കാക്കുന്നത്. എന്നാൽ, പിന്നീട് നടത്തുന്ന പരിശോധനകളിൽ ഇത്ര നഷ്ടം സംഭവിക്കുന്നതായി കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് അധികൃതരുടെ വാദം.
എന്നാൽ, ഇതിൽ തന്നെ 62 ലക്ഷം രൂപ മാത്രമാണ് ഇതുവരെ നൽകിയത്. കൃഷി വകുപ്പിലെ സാമ്പത്തിക പ്രതിസന്ധിയാണ് ബാക്കി 3014 പേർക്ക് സഹായം ലഭിക്കാതെ പോവാൻ കാരണം. കൂടുതൽ കൃഷിനാശം സംഭവിച്ചത് നെല്ലിനും വാഴക്കുമാണ്. ഒരു ഹെക്ടർ നെൽകൃഷി നശിച്ചാൽ ലഭിക്കുക 13,500 രൂപ മാത്രമാണ്.
വാഴക്കാകട്ടെ നൂറു രൂപയും. വിളകൾ ഇൻഷൂർ ചെയ്താൽ നെല്ലിന് ഹെക്ടറിന് 3500 രൂപ വരെ ലഭിക്കും. സർക്കാർ നൽകുന്ന 13,500 രൂപക്കും കൂടി ഇവർ അർഹരാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വാഴക്ക് 100 രൂപയാണ് ലഭിക്കുന്നതെങ്കിൽ ഇൻഷൂർ ചെയ്തവർക്ക് ലഭിക്കുന്ന 300 രൂപക്കു പുറമേ കൃഷി വകുപ്പിന്റെ 100 രൂപയും ലഭിക്കും.
ജില്ലയിലെ നെല്ല് വിളഞ്ഞ കോൾ വയലുകളിൽ അജ്ഞാത വൈറസ് രോഗം പടർന്നും കൃഷിനാശം ഉണ്ടായിരുന്നു. നെൽച്ചെടിയുടെ കട ചീഞ്ഞ് കതിര് കരിഞ്ഞതിനാൽ ഏറെ നഷ്ടമാണ് ഉണ്ടായത്. 450 ഏക്കർ കൃഷി ഇറക്കിയ ചേർപ്പ് ആലപ്പാട് - പള്ളിപ്പുറം കോൾ പടവിൽ 100 ഏക്കർ നെൽകൃഷി ഇതുമൂലം നശിച്ചിരുന്നു. പുറത്തൂർ, അന്തിക്കാട്, ചാഴൂർ, പുള്ള്, ചേനം തുടങ്ങിയ നെൽപ്പാടങ്ങളും നശിച്ചു.
കളയും വരിനെല്ലും നെൽക്കർഷകരെ നട്ടം തിരിക്കുമ്പോൾ കൂനിൽക്കുരുവായി ഇലകരിച്ചിലും വന്യമൃഗങ്ങളുടെ ശല്യവുമുണ്ടായി. 2012ൽ മുല്ലശേരി മേഖലയിൽ ആയിരക്കണക്കിന് ഏക്കറിൽ വിള നശിപ്പിച്ച ഇലകരിച്ചിൽ (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) രോഗമാണ് കോൾമേഖലയിൽ പ്രശ്നം സൃഷ്ടിച്ചിരുന്നത്. ഇതിനെല്ലാം സഹായമായി കൃഷിവകുപ്പ് ഒപ്പമില്ലെങ്കിൽ ഈ മേഖലയിൽ വൻ കൊഴിഞ്ഞുപോക്കിനാണ് വഴിയിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.