ഭാഷ മാത്രമല്ല, ഞങ്ങളും അനാഥമാകുന്നു
text_fieldsഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ എം.ടിക്കൊപ്പം
വേണു എടക്കഴിയൂർ (വൃത്തത്തിൽ) -ഫയൽ ചിത്രം
മാടത്തു തെക്കേപ്പാട്ടെ മച്ചിൽ കുടിയിരുത്തിയിരുന്നത് കൊടിക്കുന്നത്ത് ഭഗവതിയെ ആയിരുന്നതുകൊണ്ട് (ഞാൻ വാസുവേട്ടൻ എന്നു വിളിക്കുന്ന) എം.ടിയുടെ ഇഷ്ടദേവത കൊടിക്കുന്നത്തമ്മയായിരുന്നു. അതിനു താഴെയേ വരൂ മറ്റു ദൈവങ്ങളൊക്കെ അദ്ദേഹത്തിന്. എന്നാലും അദ്ദേഹം ശബരിമല, തിരുപ്പതി ഉൾപ്പെടെ പല പ്രധാന ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കുമുമ്പ് കർക്കടകത്തിലെ ഉത്രട്ടാതി ദിനത്തിൽ (അന്നാണ് അദ്ദേഹത്തിന്റെ പിറന്നാൾ) പതിവായി മൂകാംബിക ദർശനത്തിനു പോകുമായിരുന്നു.
ദർശനത്തിനുവേണ്ടി ഗുരുവായൂരിലെത്തുക എന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭണ്ഡാരത്തിൽ കുറച്ചു പണം നിക്ഷേപിക്കും എന്നതല്ലാതെ മറ്റു വഴിപാടുകൾ ഒന്നും അദ്ദേഹം ചെയ്യാറില്ല. ഇതിനു വിപരീതമായി, തലയോട്ടിയിലെ ഒരു സർജറിക്കുശേഷം സരസ്വതി ടീച്ചറുമൊത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ പോയപ്പോൾ, അവരുടെ നിർബന്ധത്തിന് വഴങ്ങി തുലാഭാരം നടത്തിയിട്ടുണ്ട്.
കോവിലനുമായി അദ്ദേഹത്തിന് വലിയ ആത്മബന്ധമായിരുന്നു. സാധാരണ മരണവീട്ടിൽ പോകാൻ മടികാണിക്കാറുള്ള അദ്ദേഹം അതുകൊണ്ടുതന്നെ കോവിലൻ മരിച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാനെത്തി. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് കോവിലനെ പരിഗണിക്കാൻ അദ്ദേഹത്തിന്റെ വിശദ ബയോഡേറ്റ ഉടൻ എത്തിക്കാൻ എന്നോടാണ് പറഞ്ഞത്. ഫെലോഷിപ് കോവിലന് നാട്ടിൽവെച്ച് കൊടുക്കാൻ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തു ചടങ്ങ് സംഘടിപ്പിക്കാനും ആവശ്യപ്പെട്ടു. പരിപാടി കഴിഞ്ഞശേഷം എന്റെ തോളിൽ തട്ടി, മുഖത്ത് ചെറിയ സന്തോഷത്തോടെ ‘നന്നായി’ എന്നു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.