പറമ്പിക്കുളം ഡാം തുറക്കാനുള്ള മുന്നറിയിപ്പ്; ചാലക്കുടി പുഴയോരത്ത് ആശങ്ക
text_fieldsഅതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ഡാമിനു മുകളിൽ തമിഴ്നാടിന്റെ പറമ്പിക്കുളം ഡാം തുറക്കാനുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് വന്നതോടെ ചാലക്കുടി പുഴയോര വാസികൾ ആശങ്കയിൽ. കഴിഞ്ഞ ദിവസം ഒന്നാംഘട്ട അറിയിപ്പ് വന്നപ്പോൾ നിയന്ത്രിത തോതിൽ വെള്ളം തുറന്നുവിട്ട് ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികൃതർ അഭ്യർഥന ചെവിക്കൊണ്ടില്ല. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 93.46 ശതമാനം ജലം നിറഞ്ഞതോടെയാണ് ഡാമിൽനിന്ന് അധികജലം ഒഴുക്കിവിടുന്നതിന് മുന്നോടിയായി തമിഴ്നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് ഞായറാഴ്ച രാവിലെ 9.30ന് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ആഴ്ച തമിഴ്നാടിന്റെ തൃണക്കടവ് ഡാം തുറന്നതിനാലും അതിതീവ്ര മഴ കാരണവും പെരിങ്ങൽക്കുത്ത് ഡാം തുറന്നിരുന്നു. ഇപ്പോഴും ഷട്ടറുകൾ തുറന്ന നിലയിലാണ്. പറമ്പിക്കുളം തുറന്നാൽ പെരിങ്ങൽക്കുത്തിൽ ജലനിരപ്പ് ഉയരും. ഇതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടേണ്ടവരും . കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തപ്പോൾ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഏഴ് ഷട്ടറുകളും രണ്ട് സ്ലൂസ് വാല്‍വുകളും തുറന്നതോടെ ചാലക്കുടി പുഴയിൽ അപകടനിലക്കും മുകളിൽ 8.15 മീറ്ററായി ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും വീടുകളും കൃഷിയിടങ്ങളും നശിക്കുകയും ചെയ്തിരുന്നു.
പറമ്പിക്കുളത്തുനിന്ന് പെരിങ്ങൽക്കുത്ത് ഡാമിലേക്ക് അധികജലം ഒഴുക്കിവിട്ടാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരും. ഇത് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെടണമെന്ന് സംസ്ഥാന സർക്കാറിനോട് സനീഷ് കുമാർ ജോസഫ് എം.എൽ.എ അഭ്യർഥിച്ചു.
തിങ്കളാഴ്ച മുതൽ തമിഴ്നാട് സർക്കാർ പതി പവർഹൗസ് വഴി തിരുമൂർത്തി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുമെന്നാണ് കെ.എസ്.ഇ.ബി.എൽ പറയുന്നത്. അതിനാൽ പെരിങ്ങൽക്കുത്തിൽ ജലനിരപ്പ് ഇപ്പോഴുള്ള 420 മീറ്ററിൽനിന്ന് താഴ്ത്തേണ്ടതില്ലെന്നുള്ള നിലപാടിലാണ്. പക്ഷേ, തിരുമൂർത്തി ഡാമിലേക്ക് പരമാവധി 1050 ക്യുസെക്സ് വെള്ളം മാത്രമാണ് കൊണ്ടുപോകാൻ കഴിയുക. അതിന്റെ ഇരട്ടിയെങ്കിലും വെള്ളം തമിഴ്നാട് ഷോളയാർ ഡാമിൽനിന്ന് പറമ്പിക്കുളത്തേക്ക് തിരിച്ചുവിടുന്നുണ്ട്. വൃഷ്ടി പ്രദേശത്തുനിന്നുള്ള നീരൊഴുക്ക് ഇതിനുപുറമെയാണ്. ഈ സാഹചര്യത്തിൽ പറമ്പിക്കുളത്തെ ജലനിരപ്പ് കൂടിക്കൊണ്ടിരിക്കും. അത് ചാലക്കുടിപ്പുഴയോരത്ത് ആശങ്ക സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.