അരിമ്പൂരിൽ ഒന്നരമാസത്തോളം അംഗൻവാടി കുട്ടികളുടെ പോഷകാഹാരം മുടങ്ങി
text_fieldsഅരിമ്പൂർ: അംഗൻവാടികളിൽ പോഷക ബാല്യം പദ്ധതിപ്രകാരം കുട്ടികൾക്ക് നൽകി വന്നിരുന്ന മുട്ടയും പാലും അരിമ്പൂരിൽ ഒന്നര മാസത്തോളം നിലച്ചു. മുട്ടയും പാലും വാങ്ങാൻ കൈയിൽനിന്ന് പണം മുൻകൂർ എടുക്കാൻ അംഗൻവാടി ജീവനക്കാർ വിസമ്മതിച്ചതാണ് പോഷകാഹാരം മുടങ്ങാൻ ഇടയാക്കിയത്. അംഗൻവാടി ജീവനക്കാരും വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്ന പരാതി വ്യാപകമായിരുന്നു.
അരിമ്പൂരിൽ ആകെയുള്ള 34 അംഗൻവാടികളിൽ മിക്കയിടത്തും പത്തിൽ താഴെ കുട്ടികൾ മാത്രമാണുള്ളത്. കൂടുതൽ സ്ഥലത്ത് സഞ്ചരിച്ച് കുറഞ്ഞ അളവിൽ മുട്ടയും പാലും എത്തിക്കാനുള്ള ടെൻഡർ എടുക്കാൻ തന്നെ ആളെ കിട്ടാനും ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ അംഗൻവാടി വർക്കർമാർ സമീപത്തെ കടകളിൽ നിന്ന് വാങ്ങി പോഷകാഹാരം മുടങ്ങാതെ നോക്കണം എന്ന ഉത്തരവാണ് അരിമ്പൂരിൽ കാറ്റിൽ പറത്തിയതെന്നാണ് ഉയരുന്ന പ്രധാന പരാതി. അന്തിക്കാട് സി.ഡി.പി.ഒ മുട്ടയും പാലും വാങ്ങാൻ ഓർഡർ നൽകാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് സി.ഐ.ടി.യു യൂനിയൻ അംഗം കൂടിയായ വർക്കർ പറഞ്ഞു.
ജൂലൈ 23ന് ഓർഡർ വന്നിട്ടും ആഗസ്റ്റ് 15 വരെ ഒളിപ്പിച്ച് വെച്ചതായും കുറ്റപ്പെടുത്തി. തങ്ങളുടെ അംഗൻവാടികളിൽ മുട്ടയും പാലും വീണ്ടും നൽകി തുടങ്ങിയതായും വരും ദിവസങ്ങളിൽ എല്ലാ അംഗൻവാടികളിലേക്കും പോഷകാഹാരം എത്തുമെന്നും അറിയിച്ചു.
അതേ സമയം കുട്ടികൾക്ക് മുട്ടയും പാലും എത്തിക്കാൻ ടെൻഡർ വിളിച്ച് നടപടികൾ എടുക്കേണ്ടത് ഐ.സി.ഡി.എസ് പഞ്ചായത്ത് സൂപ്പർവൈസറാണെന്ന് സി.ഡി.പി.ഒ രഞ്ജിനി പറഞ്ഞു. എന്നാൽ ടെൻഡർ എടുക്കാനാളില്ലാതെ കുട്ടികൾക്ക് പോഷകാഹാരം മുടങ്ങുമെന്ന കാര്യം ഐ.സി.ഡി.എസ് സൂപ്പർവൈസർ പഞ്ചായത്തിനെ അറിയിച്ചില്ലെന്ന് അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ പറഞ്ഞു. പരാതികൾ വന്നപ്പോൾ പഞ്ചായത്ത് ഉടനടി അംഗൻവാടി വർക്കർമാരെ വിളിച്ച് മുട്ടയും പാലും എത്തിക്കാൻ കർശന നിർദ്ദേശം നൽകി. വാർഡ് തല എ.എൽ.എം.സികൾ വഴി ഇതിനായി തുക കണ്ടെത്തി നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.