അഴിമതിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
text_fieldsതൃശൂർ: അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പൊതുവിതരണ വകുപ്പിലെ റേഷനിങ് ഇൻസ്പെക്ടറെയാണ് സ്ഥലംമാറ്റി മേലുദ്യോഗസ്ഥൻ 'ആദരിച്ചത്'. പുതുതായി ചുമതലയേറ്റ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഉപകാരസ്മരണക്ക് ഉദ്യോഗസ്ഥനെ ബലിയാടാക്കിയത്. വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ആശീർവാദത്തോടെയാണ് പെട്ടെന്നുള്ള നടപടി.
ചാലക്കുടി താലൂക്കിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 35 ചാക്ക് അരി കേടുവരുത്തിയതിന് ഫർക്കയിലെ ഒരു കട സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് 97,000 രൂപ പിഴയടപ്പിക്കുകയും പിന്നാലെ കട സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ മണ്ഡലം സെക്രട്ടറി ബിനാമിയായുള്ള കടയിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച റേഷനിങ് ഇൻസ്പെക്ടറെയാണ് ഇപ്പോൾ സ്ഥലം മാറ്റിയത്. അന്ന് സസ്പെൻഷൻ ഇല്ലാതാക്കൻ വലിയ രാഷ്ട്രീയ സമ്മർദം ഉണ്ടായെങ്കിലും കഴിഞ്ഞ മാർച്ച് 31ന് വിരമിച്ച താലൂക്ക് സപ്ലൈ ഓഫിസർ ഇതിന് വഴങ്ങിയില്ല. ഇതോടെ രാഷ്ട്രീയ സമ്മർദം വിലപ്പോവാതെ വരുകയായിരുന്നു. താലൂക്ക് സപ്ലൈ ഓഫിസർ വിരമിച്ചതിന് പിന്നാലെയാണ് റേഷനിങ് ഇൻസ്പെക്ടറെ ബലിയാടാക്കുന്ന നടപടി ഉണ്ടായത്.
നേരത്തേ ഉത്തരമേഖല റേഷൻ ഡെപ്യൂട്ടി കൺട്രോളർ കൊടകര ഫർക്കയിലെ രണ്ട് കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കടയിൽ തിരിമറി കണ്ടെത്തിയിരുന്നു. റേഷൻ വ്യാപാരി സംഘടന നേതാവ് ബിനാമിയായി നടത്തുന്ന കടയിൽ കണ്ടെത്തിയ ക്രമക്കേടിന് സസ്പെൻഷൻ നടപടിക്ക് ശിപാർശ ചെയ്തുതിരുന്നു. രാഷ്ട്രീയ സ്വാധീനത്താൽ 37,000 രൂപ പിഴയടക്കാൻ ഉത്തരവിട്ട് സസ്പെൻഷൻ ഒഴിവാക്കിയെങ്കിലും ഇതുവരെ പിഴ പോലും അടക്കാതെയാണ് ഇപ്പോഴും കട നടത്തുന്നത്. റേഷൻ ഡെപ്യൂട്ടി കൺട്രോളറുടെ മിന്നൽ പരിശോധനയിൽ അദ്ദേഹത്തിനൊപ്പം ജില്ലയിൽനിന്ന് അനുഗമിച്ചത് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയ റേഷനിങ് ഉദ്യോഗസ്ഥൻ തന്നെയാണ്. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ മാറ്റിയത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി റേഷനിങ് ഇൻസ്പെക്ടർ ഇല്ലാത്ത തൃശൂർ താലൂക്കിലെ അന്തിക്കാട് ഫർക്കയിലേക്കാണ്. അന്തിക്കാട് ഫർക്കയിൽ റേഷനിങ് ഇൻസ്പെക്ടറായി ചുമതലയേറ്റതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥയെ ഓഫിസിൽ വളിച്ചുവരുത്തി അവധി ഒഴിവാക്കി കൊടകര ഫർക്കയിൽ റേഷനിങ് ഉൻസ്പെക്ടറായി നിയമിക്കുകയും ചെയ്തു. പിന്നാലെ അവർ വീണ്ടും അവധിയിൽ പ്രവേശിക്കുകയും ചെയ്തു.
ജില്ലയിൽ റേഷൻ അഴിമതി കേസുകൾ അട്ടിമറിക്കുന്ന സാഹചര്യത്തിൽ മികച്ച നിലയിൽ കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരുടെ കർമശേഷിയെ നിർവീര്യമാക്കുന്ന തരത്തിലുള്ള നടപടിക്കെതിരെ ഉദ്യോഗസ്ഥതലത്തിൽ പ്രതിഷേധം വ്യാപകമാണ്. ഏകപക്ഷീയമായ നടപടിക്ക് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് സംഘടനതലത്തിൽ പരാതി നൽകാനാണ് ജീവനക്കാരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.