ഒളകര ആദിവാസി ഭൂപ്രശ്നം: തടസ്സം നീക്കാൻ നടപടി
text_fieldsതൃശൂർ: ഒളകര ആദിവാസി ഭൂപ്രശ്നം മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ ചർച്ചയായി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര പട്ടികവര്‍ഗ സങ്കേതത്തിലുള്ളവര്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള തടസ്സം നീക്കാൻ ഫോറസ്റ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ അവലോകന യോഗം ചേരാൻ മുഖ്യമന്ത്രി നിർദേശിച്ചു.
പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സർവേ ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കണം. രണ്ട് പതിറ്റാണ്ടായി ഒരുതുണ്ട് ഭൂമിക്കായി 44 കുടുംബങ്ങൾ സമരങ്ങളും കേസുകളുമായി നടക്കുകയാണ്.
നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവന്ന പ്രശ്നം ഒടുവിൽ ഒരേക്കർ ഭൂമി നൽകാനുള്ള തീരുമാനത്തിലും പിന്നീട് സർവേയിലുംവരെ എത്തി നിന്നിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. ചാലക്കുടി ആനക്കയം കോളനി പുനരധിവാസവും യോഗം ചർച്ച ചെയ്തു. അവിടെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി നല്കാന് തീരുമാനിച്ചു.
വനാവകാശ നിയമപ്രകാരം ഇവര്‍ക്ക് ലഭിച്ച ഭൂമിക്ക് പകരമായി പോത്തുപാറയില്‍ 1.72 ഹെക്ടര്‍ ഭൂമിയാണ് നല്‍കുക. അതിരപ്പിള്ളി വീരാന്‍കുടി പട്ടികജാതി സങ്കേതത്തില്‍ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയും വേഗത്തിലാക്കും. വനാവകാശ നിയമ പ്രകാരം ഇവര്‍ക്ക് ലഭിച്ച ഭൂമിക്ക് പകരം ഞണ്ടുചുട്ടാന്‍ പാറയില്‍ ഭൂമി ലഭ്യമാക്കും. ഇതിനായി പട്ടികവര്‍ഗ വകുപ്പുമായി ചേര്‍ന്ന് ഒക്ടോബര്‍ മൂന്നിന് സംയുക്ത പരിശോധന നടത്തും.
പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സർവേ നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കും. ഭൂരഹിത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിച്ച കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം, റോഡ്, തെരുവ് വിളക്ക് എന്നിവ ഈ വര്‍ഷം തന്നെ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.