അനധികൃതമായി സൂക്ഷിച്ച 90 കിലോ മാംസം പിടികൂടി
text_fieldsഒല്ലൂര്‍: അനധികൃതമായി സൂക്ഷിച്ച 90 കിലോ മാംസം ഒല്ലൂരിലെ അടച്ചിട്ട കടയില്‍നിന്ന് കോർപറേഷന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. കട സീൽ ചെയ്തു. അയൽ സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന സൂനാമി മാംസമാണിതെന്നാണ് സംശയിക്കുന്നത്. ഉദ്യോഗസ്ഥര്‍ സാമ്പ്ള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കട അടച്ച് സീല്‍ ചെയ്തു.
ഒല്ലൂര്‍ കേശവപ്പടിക്ക് സമീപം നേരത്തേ പ്രവര്‍ത്തിച്ചിരുന്ന യൂണിക് ഫിഷ് എന്ന സ്ഥാപനം കല്ലൂര്‍ സ്വദേശി കുഞ്ഞാമര ജോസഫ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. മത്സ്യ- മാംസ വിൽപനയുടെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന വിലക്കുറവുള്ള മാംസം വാങ്ങി മൊത്ത വിൽപനയാണ് ഇവിടെ നടക്കുന്നത് എന്നാണ് സംശയിക്കുന്നത്.
ട്രെയിനിലാണ് മാംസം കൊണ്ടുവരുന്നത്. ഇവിടേക്ക് എത്തിക്കാതെത്തന്നെ മൊത്തവിതരണം നടത്തുകയാണ് രീതി. കടയുടെ മുന്നിലെ ഷട്ടര്‍ തുറക്കുകയോ പൊതുജനങ്ങൾക്ക് വിൽക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, നിരന്തരം വാഹനങ്ങളില്‍ മാംസം കൊണ്ടുവരുകയും കൊണ്ടുപോകുകയും ചെയ്യുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായതോടെയാണ് പരാതി ഉയര്‍ന്നതും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയതും.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടറുടെയും പരിശോധനയില്‍ മാംസം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോര്പറേഷന് ഇത് സംസ്കരിക്കാന്‍ കൊണ്ടുപോയി.
മാംസം കൊണ്ടുവരുന്നതിന്റെ ബില്ലോ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സോ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കട സീല്‍ ചെയ്തു. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ആര്. ഹേമന്ത്, ജൂനിയര്‍ ഇൻസ്പെക്ടർമാരായ എ. നിസാര്‍, സ്വപ്ന, ക്ലീന്‍ സിറ്റി മാനേജര്‍ പി.എസ്. സന്തോഷ്കുമാര്‍, കോർപറേഷന് വെറ്ററിനറി ഡോ. വീണ കെ. അനിരുദ്ധന്, ഒല്ലൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥ ആര്. രേഷ്മ, തൃശൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ ഡോ. രേഖ മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.