ഇനിയെന്ന് നിറയും പാക്കിങ് കേയ്സുകൾ
text_fieldsഒല്ലൂര്‍: രാജ്യത്തെ പ്രധാന പാക്കിങ് കേയ്സ് മേഖലയായിരുന്ന ഒല്ലൂരിൽ ഈ വ്യവസായത്തിെൻറ അവസാന ആണിക്കല്ലാണ് കോവിഡ് പ്രതിസന്ധി. സുവര്‍ണ കാലത്തിലേക്കുള്ള മടങ്ങിപ്പോക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഒല്ലൂരിലെ പാക്കിങ് കേയ്സ് വ്യവസായം.
ഒരുകാലത്ത് ഒല്ലൂരിലും പരിസരത്തുമായി 800ഓളം കമ്പനികളിലായി അമ്പതിനായിരത്തിലധികം പേര് ഈ വ്യവസായത്തിെൻറ ഗുണഭോക്താക്കളായിരുന്നു. പല ഘടകങ്ങളാലും വ്യവസായം തകർന്നടിഞ്ഞു. രേഖകളില്‍ 200ഓളം കമ്പനികളുണ്ടെങ്കിലും പ്രവർത്തിക്കുന്നത് 50 മാത്രം. കോവിഡ് വന്നതോടെ ദുരിതത്തിലായ കമ്പനികളിലെ 10,000ഓളം തൊഴിലാളികള്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്.
കഴിഞ്ഞ വര്‍ഷം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നിലനില്‍ക്കെത്തന്നെയാണ് ഈ വര്‍ഷവും കോവിഡ് എത്തിയത്. ഇതോടെ പ്രധാന അസംസ്കൃത വസ്തുവായ റബര്‍ തടി മുറിക്കുന്നത് നിലച്ചു. റബര്‍ മരങ്ങളും പാഴ്മരങ്ങളും ലഭ്യമല്ലാതായതും ലോക്ഡൗണും ഈ കമ്പനികള്‍ക്കും താഴ് വീഴാനിടയാക്കി. ലോക്ഡൗണിന് മുമ്പ് നിർമിച്ച പാക്കിങ് കേയ്സുകള്‍ ലോക്ഡൗണില്‍ ഗതാഗതം നിലച്ചതോടെ കമ്പനികളില്‍ തന്നെ കെട്ടിക്കിടന്നു.
രണ്ടാഴ്ച കഴിഞ്ഞാല്‍ വെറും വിറകായി മാറുന്ന കേയ്സുകള്‍ കമ്പനികളില്‍ ഇരുന്ന് ഉപയോഗശൂന്യമായി പോയത് ഉടമകള്‍ക്ക് വന്‍ നഷ്ടമായി. കേയ്സ് വാങ്ങുന്ന സ്ഥാപനങ്ങള്‍ ഇത് കിട്ടാതായതോടെ സ്വന്തം നാട്ടില്‍ തന്നെ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്, പേപ്പര്‍ പാക്കിങ് ഉൽപന്നങ്ങള് വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി.
ഉല്പന്നങ്ങള് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ വാഹനസൗകര്യമില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിലയ്ക്ക് മരം എടുത്ത് കമ്പനി നടത്താന്‍ ഉടമകള്‍ തയാറാവുന്നില്ല. കൊറോണക്ക് മുമ്പ് നിർമിച്ച് നശിച്ചതിെൻറ ക്ഷീണം മാറാത്ത സാഹചര്യത്തില്‍ ഇനി ഭാഗ്യപരീക്ഷണത്തിന് ഉടമകള്‍ തയാറല്ല. ഒരു മാസത്തിലധികമായി പണി ഇല്ലാതായിട്ട്. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ റേഷനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ തൊഴിലാളികള്‍ നട്ടം തിരിയുകയാണ്.
ജോലി നഷ്ടപ്പെട്ട് ലോറി ബ്രോക്കര്‍മാരും
പാക്കിങ് കേയ്സിനെ ആശ്രയിച്ച് ജീവിക്കുന്ന മറ്റൊരു വിഭാഗമാണ് ലോറി ബ്രോക്കര്‍മാര്‍. തൃശൂരിലേക്ക് ചരക്കുമായി എത്തുന്ന ലോറികള്‍ക്ക് മടക്ക വാടകയായാണ് പാക്കിങ് കേയ്സ് ഉൽപന്നങ്ങള് കയറ്റി അയച്ചിരുന്നത്.
ഇപ്പോള്‍ മടക്ക ലോഡ് ഇല്ലാതായതോടെ ഇവിടേക്കുള്ള ലോറി വാടകയും കൂടി. ലോറികള്‍ മടക്കം കാലിയായി പോകാന്‍ തുടങ്ങിയതോടെ ബ്രോക്കര്‍മാര്‍ക്ക് ജോലി ഇല്ലാതായി. പാക്കിങ് കേയ്സിലെ പ്രതിസന്ധി തുടര്‍ന്നാല്‍ മരം മുറിക്കുന്ന തൊഴിലാളികളും വിറക് കച്ചവടക്കാരും അറക്കപ്പൊടി വിൽപനക്കാരും ഉള്‍പ്പെടെ അനുബന്ധ ജോലികള്‍ ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളും പട്ടിണിയിലാകുന്ന സ്ഥിതിവിശേഷമാണ്.
മറ്റെന്തെങ്കിലും തൊഴിലിലേക്ക് മാറേണ്ടിവരും
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് കമ്പനിയില്‍ നിർമിച്ച് വെച്ച പാക്കിങ് കേയ്സുകൾ കയറ്റിവിടാനാകാതെ ഭീമമായ നഷ്ടമാണ് ഉടമസ്ഥര്‍ക്ക് സംഭവിച്ചത്. അസംസ്കൃത വസ്തുവായ മരത്തടിക്ക്് കൊറോണ കാലം കഴിഞ്ഞതോടെ 20 മുതല്‍ 30 ശതമാനം വരെ വില വർധിച്ചു.
നേരേത്ത 3000 രൂപക്ക് ലഭിച്ചിരുന്ന പാഴ്മരങ്ങൾ ഇപ്പോള്‍ ടണിന് 5000 രൂപ വരെ എത്തി. ഈ വലയ്ക്ക് മരം വാങ്ങി പണി നടത്താന്‍ കഴിയാത്തതിനാലാണ് പല കമ്പനികളും ഉൽപാദനം നിർത്തിയത്. വിപണി സജീവമല്ലാത്ത സാഹചര്യത്തില്‍ ഉൽപന്നങ്ങൾ കയറ്റി അയച്ചാല്‍ തന്നെ മതിയായ വില ലഭിക്കാന്‍ സാധ്യതയില്ല. വൈദ്യുതി ബില്ലിലോ നികുതിയിലോ പ്രത്യേക സൗജന്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ നല്‍കുന്നില്ല. വലിയ വിലയ്ക്ക് മരം വാങ്ങി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങള് കുറഞ്ഞ വിലയ്ക്ക് വില്ക്കാന് കഴിയില്ല. മറ്റെന്തെങ്കിലും തൊഴിലിലേക്ക് മാറുന്നതിനെപ്പറ്റി ചിന്തിക്കുകയാണ്.
–ടോണി എനോക്കാരന്‍ (പാക്കിങ് കേയ്സ് മാനുഫാക്ചേഴ്സ് ആൻഡ് ഡീലേഴ്സ് അസോസിയേഷന് പ്രസിഡൻറ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.