പുത്തൂര്‍-മാന്ദാമംഗലം റോഡ് വികസനം; ക്യാമ്പ് ഓഫിസ് തുറന്നു
text_fieldsഒല്ലൂർ: പുത്തൂര്‍-മാന്ദാമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക നല്‍കുന്നതിന് രേഖകള്‍ പരിശോധിക്കാൻ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഓഫിസ് കെട്ടിടത്തില്‍ സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.എ ജനറലിന്റെ ക്യാമ്പ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു.
മന്ത്രി കെ. രാജന് ഓഫിസ് ഉദ്ഘാടനം ചെയ്തു. ഒല്ലൂര്‍, നടത്തറ, മരത്താക്കര, കൈനൂര്‍, പുത്തൂര്‍ എന്നീ അഞ്ച് വില്ലേജുകളിലായി 1.6115 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാൻ അവാര്‍ഡ് എന്‍ക്വയറി നടത്തി 580 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറും. ക്യാമ്പ് ഓഫിസ് ഒക്ടോബർ 30വരെ പ്രവര്‍ത്തിക്കും.
16 മുതല്‍ 21 വരെ പുത്തൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ഭൂമി നഷ്ടപ്പെടുന്നവരുടെ രേഖകള്‍ പരിശോധിക്കും. ഈ സ്ഥലങ്ങളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് തൃശൂര്‍ ചെമ്പുകാവിലെ എല്‍.എ ജനറല്‍ സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസിലും രേഖകള്‍ ഹാജരാക്കാം. ഒല്ലൂര്‍ മണ്ഡലത്തിലെ പയ്യപ്പിള്ളി മൂല മുതല്‍ കുട്ടനെല്ലൂര്‍ അണ്ടര്‍ പാസ് വരെയുള്ള റോഡ് വീതി കൂട്ടാനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് 47.30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, കലക്ടർ വി.ആര്. കൃഷ്ണതേജ, എ.ഡി.എം ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ സി.ടി. യമുനാദേവി, എല്‍.എ ജനറല്‍ സ്പെഷല്‍ തഹസില്‍ദാര്‍ ടി.ജി. ബിന്ദു, തഹസില്‍ദാര്‍ ടി. ജയശ്രീ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹാജരാക്കേണ്ട രേഖകള്‍
ഭൂമിയെ സംബന്ധിച്ച അസ്സല് ആധാരം, കീഴാധാരങ്ങള്‍/ക്രയസര്‍ട്ടിഫിക്കറ്റ്/പട്ടയം, നികുതിരശീതി (തന്നാണ്ട്), കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ് (30 വര്‍ഷം), നോണ്‍ അറ്റാച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ്, കെട്ടിടം ഉണ്ടെങ്കില്‍ കെട്ടിടനികുതി രശീതി (തന്നാണ്ട്), ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റ്/ അനന്തരാവകാശ സര്‍ട്ടിഫക്കറ്റ്, ആധാര്‍ കാര്‍ഡ് (പകര്‍പ്പ് സഹിതം), ബാങ്ക് പാസ് ബുക്ക് (ഐ.എഫ്.എസ്.സി കോഡ് പകര്‍പ്പ് സഹിതം).
ആധാരത്തില്‍ പറയുന്ന പേര്, മേല്‍വിലാസം, സർവേ നമ്പര്‍ എന്നീ രേഖകളില്‍ പറയുന്ന വിലാസവും വ്യത്യാസമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന വില്ലേജ് ഓഫിസര്‍ നല്കുന്ന സാക്ഷ്യപത്രം, ഭൂവുടമസ്ഥന് പകരം മറ്റൊരാളാണ് വിചാരണക്ക് വരുന്നതെങ്കില്‍ അത് അധികാരപ്പെടുത്തിയ ഉടമസ്ഥന്റെ കത്ത്, ഒസ്യത്ത്/വില്പത്രം ഹാജരാക്കുന്ന രേഖകളില്‍ മരണ സര്‍ട്ടിഫിക്കറ്റ്.
ആധാരം പണയപ്പെടുത്തിയ കേസുകളില്‍ ബാങ്കിന്റെ വിവരങ്ങളും കുടിശ്ശിക വിവരങ്ങളും സഹിതമുള്ള കത്ത്, കാണം അവകാശമുള്ള ആധാരങ്ങളില്‍ ജന്മിക്കരം തീര്‍ത്ത രശീത്, വെറുമ്പാട്ടം കേസുകളില്‍ അടിയാധാരമായി ക്രയസര്ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 1964 മുതല്‍ ആധാരങ്ങള്‍, ഭൂമി തരംമാറ്റിയ കേസുകളില്‍ നടപടിക്രമവും വില്ലേജ് രേഖകളില്‍ മാറ്റം വരുത്തിയ രേഖകളും എന്നിവ ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.