വൈഗ പെൺകടുവ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തി
text_fieldsഒല്ലൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ അതിഥിയായി വൈഗ എന്ന പെൺകടുവയെത്തി. തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ വനം വകുപ്പിന് കീഴിലായിരുന്നു വൈഗ. 2020ലാണ് വനം വകുപ്പ് വൈഗയെ പിടികൂടിയത്.
ശനിയാഴ്ച രാവിലെ ഏഴിന് എത്തിച്ച വൈഗയെ സുവോളജിക്കൽ പാർക്കിൽ ഒരറ്റത്തുള്ള ചന്ദനക്കുന്നിൽ പ്രത്യേകം തയാറാക്കിയ കവചിത കേന്ദ്രത്തിലാണ് പാർപ്പിച്ചത്. ജൂണിൽ തൃശൂർ മൃഗശാലയിൽനിന്ന് മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതോടെ മാത്രമേ വൈഗയെ കവചിതകേന്ദ്രത്തിൽനിന്ന് പുറത്തിറക്കൂ.
ഇവിടെ തണുപ്പ് ലഭിക്കാൻ ഫാൻ, കൂളർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രീൻ നെറ്റ്, ഓല മുതലായവ കൊണ്ട് മുകൾഭാഗവും വശങ്ങളിലും മറച്ചിട്ടുണ്ട്. ഇടക്കിടെ ഷവർ ഉപയോഗിച്ച് കുളിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നെയ്യാറിൽനിന്ന് സി.സി.എഫ്, ഡി.എഫ്.ഒ, റേഞ്ചർമാർ, ഡോക്ടർമാർ, പുത്തൂരിൽനിന്ന് വൈഗയെ കൊണ്ടുവരാൻ പോയ ഡോ. രാജ്, ഡോ. ബിനോയ്, സൂപ്പർവൈസർമാരായ സി. തുളസീധരൻ, വിൻസന്റ്, നാല് കീപ്പർമാർ എന്നിവരുടെയും നേതൃത്വത്തിലാണ് വൈഗയെ പുത്തൂരിലെത്തിച്ചത്.
കഠിനമായ ചൂട് ഒഴിവാക്കാനാണ് യാത്ര രാത്രിയിലാക്കിയത്. ഓരോ മണിക്കൂർ ഇടവിട്ട് വാഹനം നിർത്തി വെള്ളവും മറ്റും നൽകി. മന്ത്രി കെ. രാജൻ, കീർത്തി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.