ഉത്രാടപാച്ചിലിന് ഒരുങ്ങി നഗരം
text_fieldsതൃശൂര്‍: കാത്തിരിപ്പിനൊടുവില്‍ ഒന്നാം ഓണം എത്തിയതോടെ ഉത്രാടപാച്ചിലിന് തയാറെടുത്ത് പൂരനഗരി. ഓണം ഗംഭീരമാക്കാനുള്ള സാധനസാമഗ്രികളെല്ലാം നഗരത്തിലെ കടകമ്പോളങ്ങളില്‍ പൂര്‍ണതോതില്‍ എത്തിയിട്ടുണ്ട്. സാധനസാമഗ്രികൾ വാങ്ങാനുള്ള അവസാനവട്ട ഓട്ടത്തിന്റെ തിരക്കാവും ഉത്രാടദിനമായ ശനിയാഴ്ചത്തെ പകൽ. നഗരത്തിലെ ഓണവിപണിയുടെ പ്രധാന കേന്ദ്രമായ തേക്കിന്‍കാട് മൈതാനത്തില്‍ പൂക്കച്ചവടക്കാര്‍ വന്‍തോതില്‍ പൂക്കള്‍ സംഭരിച്ചിട്ടുണ്ട്. അത്തപൂക്കളം ഇടാനുള്ള പൂക്കള്‍ വാങ്ങാനായി രാവിലെ മുതല്‍ ഇവിടേക്ക് ആളുകളുടെ ഒഴുക്ക് ആരംഭിക്കും. ഉത്രാടദിനത്തിലെ തിരക്ക് മുന്‍കൂട്ടി കണ്ട് തമിഴ്നാട്ടില്‍നിന്നും ആന്ധ്രപ്രദേശില്നിന്നുമായി വന്‍തോതില്‍ പൂക്കള്‍ എത്തിച്ചിട്ടുണ്ട്.
ഓണസദ്യ ഒരുക്കാനുള്ള പച്ചക്കറികള്‍ വാങ്ങാനായി നഗരവാസികള്‍ എത്തുന്ന ശക്തന് മാര്‍ക്കറ്റില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍തോതില്‍ പച്ചക്കറികള്‍ വിറ്റുപോകുമെന്നതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പ്രത്യേകം ലോഡുകള്‍ എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോള്‍ മാര്‍ക്കറ്റില്‍ കാണാന്‍ സാധിക്കുന്നത്. ഉത്രാടദിനത്തിൽ അതിരാവിലെ മുതല്‍ തന്നെ മാര്‍ക്കറ്റില്‍ ആളുകളുടെ തിരക്ക് തുടങ്ങുമെന്ന് വ്യാപാരികള്‍ പറയുന്നു. സ്വരാജ് റൗണ്ടിലെ കടകമ്പോളങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണകോടികള്‍ വാങ്ങാനായി നൂറുകണക്കിനുപേരാണ് വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. ഉത്രാടദിനമായ ശനിയാഴ്ച ഈ തിരക്ക് കുതിച്ചുയരും. വഴിയോര കച്ചവടക്കാര്‍ക്കും മികച്ച കച്ചവടം ലഭിക്കുന്നുണ്ട്. ഉത്രാടപാച്ചിലിന് മുമ്പുതന്നെ നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹനത്തിരക്ക് ഏറിയിരുന്നു. ഉത്രാട ദിനത്തില്‍ തിരക്ക് ഇനിയുമേറും. ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ പ്രധാന റോഡുകളില്‍ ട്രാഫിക് പൊലീസുകാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഉത്രാടപാച്ചിലിന് ആവേശം പകരാൻ കുമ്മാട്ടി സംഘങ്ങളും ശനിയാഴ്ച ഇറങ്ങും. ഉത്രാടം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളിലാണ് നഗരത്തില്‍ കുമ്മാട്ടികളി അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.