ഓണനിറവിൽ നാട്: കുമ്മാട്ടികൾ ദേശം ചുറ്റിത്തുടങ്ങി; പുലിക്കളി നാളെ
text_fieldsതൃശൂർ: ഓണത്തിന് വിഭവമൊരുക്കാനുള്ള ഉത്രാടപ്പാച്ചിലും കടന്ന് തിരുവോണം കെങ്കേമമാക്കി നാട്ടുകാർ. നാട്ടിടങ്ങളിലെല്ലാം ഓണാഘോഷങ്ങളുടെ കേളികൊട്ടുയർന്നതോടെ എങ്ങും ഓണലഹരിയിലായി. തൃശൂരിൽ നാട്ടിടങ്ങളിൽ കുമ്മാട്ടികളും ദേശം ചുറ്റാനിറങ്ങി.
ബുധനാഴ്ച നഗരത്തിൽനിന്ന് മാറി നാട്ടുവഴികളിൽ കുമ്മാട്ടികൾ വേഷംകെട്ടിയിറങ്ങിയിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടി കൂടിയായപ്പോൾ കുമ്മാട്ടികളുടെ ദേശം ചുറ്റൽ ഉത്സവാന്തരീക്ഷം ഉയർത്തി. തെക്കുംമുറി, നായ്കനാൽ ഫ്രൻഡ്സ്, തൃപ്തി തുടങ്ങിയ കൂട്ടായ്മകൾ കുമ്മാട്ടികളുമായി ദേശംചുറ്റാനെത്തി. കിഴക്കുംപാട്ടുകര ദേശക്കാരുടെ പ്രസിദ്ധമായ വടക്കുംമുറി കുമ്മാട്ടി മഹോത്സവം വ്യാഴാഴ്ച നടക്കും.
ഉച്ചക്ക് ഒന്നരയോടെ പനമുക്കംപിള്ളി ശ്രീധർമ ശാസ്താ ക്ഷേത്രാങ്കണത്തിൽനിന്നാണ് കുമ്മാട്ടികളുടെ ദേശംചുറ്റൽ ആരംഭിക്കുക. രാത്രി ഏഴിനാണ് സമാപനം. നിശ്ചലദൃശ്യങ്ങളും തെയ്യം, തിറ, തംബോലം, ശിങ്കാരി മേളം, നാസിക്ഡോൾ, ദേവനൃത്തം, പ്രച്ഛന്നവേഷങ്ങൾ തുടങ്ങിയവ ഘോഷയാത്രയിലുണ്ടാകും. നാലോണ നാളിലേക്കുള്ള പുലികളിക്കും ഒരുക്കം തകൃതിയായി.
ചായക്കൂട്ടുകൾ അരക്കുന്നതിന്റെയും ശരീരം ഒരുക്കുന്നതിന്റെയും തയാറെടുപ്പുകളായിരുന്നു ദേശങ്ങളിൽ. ഇക്കുറി അഞ്ച് ദേശങ്ങളാണ് പുലികളിയിൽ പങ്കെടുക്കുക.
പുലിക്കളിക്ക് അകമ്പടിയായുള്ള പ്ലോട്ടുകളുടേയും നിശ്ചലദൃശ്യങ്ങളുടേയും ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ആനുകാലിക സംഭവങ്ങളും പുരാണങ്ങളിൽനിന്നുള്ള ദൃശ്യങ്ങളുമെല്ലാം പ്ലോട്ടുകളിൽ ഉൾപ്പെടുത്താറുണ്ട്. വെള്ളിയാഴ്ച രാവിലെ മെയ്യെഴുത്ത് ആരംഭിക്കും. വൈകീട്ട് നാലോടെ ദേശങ്ങളിൽ പുലിക്കളി ആരംഭിക്കും.
അഞ്ചരയോടെ നടുവിലാൽ ഗണപതിക്ക് മുന്നിൽ തേങ്ങയുടച്ച് നഗരത്തിലേക്ക് പുലികളി സംഘങ്ങൾ പ്രവേശിക്കും. സീതാറാം, കാനാട്ടുകര, അയ്യന്തോൾ എന്നീ പുലിക്കളി സംഘങ്ങൾ എം.ജി റോഡ് വഴി റൗണ്ടിലേക്ക് പ്രവേശിക്കും. ആദ്യം സീതാറാമും രണ്ടാമത് കാനാട്ടുകരയും മൂന്നാമതായി അയ്യന്തോൾ ദേശവും നടുവിലാലിൽ എത്തും. ശക്തൻ പുലിക്കളി സംഘം ശക്തൻ മാർക്കറ്റ് ഭാഗത്തുനിന്ന് എം.ഒ റോഡ് വഴി വന്ന് റൗണ്ടിൽ പ്രവേശിക്കും.
വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തുനിന്ന് ബിനി ടൂറിസ്റ്റ് ഹോമിന് സമീപം വന്ന് ഇടത്തോട്ടു തിരിയും. നഗരത്തിൽ ഇതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ഏഴരയോടെ പുലികളി മത്സരം സമാപിക്കും. തുടർന്ന് ഇവർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിക്കും. ഇതോടെ ടൂറിസം വകുപ്പും തൃശൂര്‍ ഡി.ടി.പി.സിയും ജില്ല ഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലതല ഓണാഘോഷ പരിപാടികൾക്ക് സമാപനമാകും.
തേക്കിൻകാട് മൈതാനി ഓണാഘോഷ വേദി
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതൽ- ലഹരി വിരുദ്ധ ബോധവത്കരണ കലാപരിപാടി, തൃശൂര്‍ പത്മനാഭന് നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേള, രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ മ്യൂസിക് എന്നിവ തേക്കിന്‍കാട് മൈതാനിയില്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.