തൃശൂർ നഗരം നാളെ പുലിപ്പിടിയിലമരും
text_fieldsതൃശൂർ: നഗരവീഥികൾ നാളെ പുലിപ്പിടിയിലമരും. നാളുകളായി കേൾക്കുന്ന ‘പുലിക്കൊട്ടും പനംതേങ്ങേം’ താളത്തിലുള്ള പരിശീലനക്കൊട്ടും അതിനൊത്ത് തുള്ളുന്ന പുലികളും ബുധനാഴ്ച പല കൈവരികളിലൂടെ സ്വരാജ് റൗണ്ട് നിറയും.
അനിശ്ചിതത്വം താണ്ടി പുലിക്കളിക്ക് അനുമതിയായതോടെ ഇത്തവണയും തൃശൂരിന്റെ ഓണാഘോഷ സമാപനം പുലിക്കളിയോടെയാണ്. പുലികളിക്ക് തട്ടകങ്ങളിൽ സജീവ ഒരുക്കം പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച നാട്ടുകാർക്ക് പുലിച്ചമയങ്ങൾ കാണാനുള്ള ദിവസമാണ്. ഇത്തവണ പുലികളിക്ക് ഏഴ് ടീമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലികളി ഉപേക്ഷിക്കാൻ തൃശൂർ കോർപറേഷൻ തീരുമാനിച്ചതാണെങ്കിലും സംഘാടക സമിതികൾ സർക്കാർതലത്തിൽ ഇടപെടുകയും സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത ഒമ്പത് ടീമുകളിൽ രണ്ടെണ്ണം ഇടക്കാലത്തെ അനിശ്ചിതത്വം കാരണം പിൻവാങ്ങിയിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് കോവിഡ് കാലത്ത് പോലും ഓൺലൈനായി പുലികളി സംഘടിപ്പിച്ച അയ്യന്തോൾ ദേശമാണ്.
സീതാറാം മിൽ ദേശം പുലികളി സംഘാടക സമിതി, യുവജന സംഘം വിയ്യൂർ, വിയ്യൂർ ദേശം പുലികളി സംഘം, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷ കമ്മിറ്റി, കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലികളി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരിക സമിതി എന്നിവയാണ് ബുധനാഴഴ്ച പുലിച്ചുവടുമായി എത്തുന്നത്. തട്ടകങ്ങളിൽ തുള്ളിക്കളിച്ചെത്തി നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് റൗണ്ടിലൂടെ നീങ്ങും. ഒരു ടീമിൽ 35 മുതൽ 51 പുലികൾ വരെയാണ് ഉണ്ടാവുക. പെൺപുലികളും കുട്ടിപ്പുലികളും കാണികളെ ആകർഷിക്കുന്ന സാന്നിധ്യമാണ്.
പുലിയിറക്കം ഇങ്ങനെ...
ചക്കാമുക്ക്, ശങ്കരംകുളങ്ങര, സീതാറാം മിൽ, കാനാട്ടുകര ദേശങ്ങൾ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ എം.ജി റോഡ് വഴി നടുവിലാലിൽ എത്തുന്നത്. റൗണ്ട് ചുറ്റി പുലികളി സമാപിക്കും. പാട്ടുരായ്ക്കൽ ദേശം ഷൊർണൂർ റോഡ് വഴി നാക്കലിൽ എത്തി പ്രദക്ഷിണ വഴി ചുറ്റി നടുവിലാലിൽ എത്തും. യുവജന സംഘം വിയ്യൂർ, വിയ്യൂർ ദേശം പുലികളി സംഘം എന്നിവ വടക്കേ സ്റ്റാൻഡ്, ബിനി സ്റ്റോപ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
ഓണലഹരിയായി കുമ്മാട്ടി
ഉത്രാടംനാളിൽ തുടങ്ങിയ കുമ്മാട്ടികളി വിവിധ ദേശങ്ങളിൽ തുടരുകയാണ്. ‘ഊരുചുറ്റാനിറങ്ങുന്ന ശിവന്റെ ഭൂതഗണങ്ങൾ’ എന്നാണ് കുമ്മാട്ടികളെപ്പറ്റി പറയുന്നത്. കഴിഞ്ഞദിവസം കിഴക്കുംപാട്ടുകര തെക്കുംമുറി കുമ്മാട്ടി കളി കാണാൻ ആയിരങ്ങളെത്തി. നായ്ക്കനാൽ കുമ്മാട്ടികളിയും നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ആസ്വാദകളുടെ വൻ സാന്നിധ്യത്തിലാണ് അരങ്ങേറിയത്. ഏവന്നൂർ ദേശ കുമ്മാട്ടി, വടൂക്കര ദേശകുമ്മാട്ടി, കുറ്റൂർ സർഗ, നടത്തറ ഒരുമ ദേശകുമ്മാട്ടി, പെരിങ്ങാവ് ധന്വന്തരി, ഒല്ലൂക്കര സാരഥി എന്നിവയും കുമ്മാട്ടികൾ അവതരിപ്പിച്ചു.
കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി ഇന്ന്
തൃശൂരിലെ പരമ്പരാഗത കുമ്മാട്ടിയെന്ന് അറിയപ്പെടുന്ന കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി ചൊവ്വാഴ്ചയാണ്. പർപ്പടകപുല്ല് ശരീരത്തിൽ കെട്ടി മുഖംമൂടി അണിഞ്ഞ് എത്തുന്ന കുമ്മാട്ടികളെ സ്വീകരിക്കാൻ ദേശം ഒരുങ്ങി. ഇത്തവണ 51 കുമ്മാട്ടി അണിനിരക്കുന്നുണ്ട്.
ഉച്ചക്ക് 1.30ന് പനമുക്കുംപിള്ളി ക്ഷേത്രനടയിൽ നാളികേരമുടച്ച് കുമ്മാട്ടിക്കളി തുടങ്ങും. നാദസ്വരം, തെയ്യം, തിറ, തംബോലം, ചെട്ടിവാദ്യം, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ അകമ്പടിയേകും. എസ്.എൻ.എ ഔഷധശാല, വേട്ടക്കൊരുമകൻ ക്ഷേത്രപരിസരം വഴി തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിച്ച് രാത്രി 7.30ന് ശാസ്താ കോർണറിൽ സമാപിക്കും. പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, സെക്രട്ടറി എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.