ഒളകര ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി
text_fieldsതൃശൂർ: ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധിക്കുവിധേയമായി ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യാന്‍ സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി (എസ്.എല്‍.എം.സി) തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജന്. ഒളകരയില്‍ പഞ്ചായത്ത് അധികൃതര്‍ക്കും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഉന്നതി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഒളകര നിവാസികളുടെ മുന്‍തലമുറക്കാര്‍ ഏകദേശം 100 വര്‍ഷം മുമ്പ് വനത്തിനുള്ളിലെ മുപ്പഴകൂടി, പൈങ്ങോട്ടുകണ്ടം എന്നിവിടങ്ങളിലായി താമസിച്ചിരുന്നതായാണ് കിര്‍ത്താഡ്സിന്റെ പഠന റിപ്പോര്‍ട്ട്. പീച്ചി ഡാം നിര്‍മിച്ചശേഷം 1957 കാലഘട്ടത്തില്‍ വെള്ളം കയറിയതോടെ കുഴിക്കുത്തി എന്ന മറ്റൊരു സ്ഥലത്തേക്ക് ഇവര്‍ മാറിത്താമസിച്ചു. പിന്നീട് ഒളകരയിലെത്തി ഏതാണ്ട് അമ്പത് വര്‍ഷമായി ഇവിടെ താമസിച്ചുവരികയാണ്. ഭൂമിക്കുവേണ്ടിയുള്ള ഒളകര നിവാസികളുടെ അവകാശ പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2016 മുതല്‍ ഇക്കാര്യത്തില്‍ നിരന്തര ഇടപെടലുകളുണ്ടായി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.
ജില്ല ഭരണകൂടവും റവന്യു, സർവേ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഭൂമി അളന്ന് രേഖപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. ഊരുകൂട്ടവും എസ്.ഡി.എല്‍.സിയും ഡി.എൽ.സിയും പരിശോധിച്ച ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.എല്‍.എം.സിയാണ് അംഗീകരിച്ചത്.
ഒളകര നിവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് മന്ത്രിയും സംഘവും ഒളകരയിലെത്തിയത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്, ജില്ല പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്തംഗം സുബൈദ അബൂബക്കര്‍, തൃശൂര്‍ തഹസില്‍ദാര്‍ ടി.വി. ജയശ്രീ, ഭൂരേഖ തഹസില്‍ദാര്‍ നിഷ എം. ദാസ്, വൈല്‍ഡ് ലൈഫ് വാര്ഡന് അനില്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയര്‍ ഹരീഷ്, അസി. എക്സി. എൻജിനീയര്‍ ബെയ്സില്‍ എന്നിവരും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സവിത, ഊരു മൂപ്പത്തി മാധവി, മുന്‍ പഞ്ചായത്തംഗം അബൂബക്കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.