ഒന്നേകാൽ കോടി വിറ്റുവരവ്; ഓണ വിപണിയിൽ കുടുംബശ്രീ വിജയം
text_fieldsതൃശൂർ: കോവിഡ് മഹാമാരി കാലത്തും ഓണവിപണി കീഴടക്കി കുടുംബശ്രീയുടെ ഓണം വിപണന മേളകൾ. ഓണ വിപണന മേളയിൽ ഒന്നേകാൽ കോടി വിറ്റുവരവാണ് നേടിയത്. 'കരുതലോടെ ആഘോഷിക്കാം, ഈ ഓണക്കാലം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം'ആപ്തവാക്യത്തിലൂന്നി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 108 ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്.
പഞ്ചായത്തുതലത്തിൽ 84 ഓണചന്തകളും നഗരസഭതലത്തിൽ വടക്കാഞ്ചേരിയിൽ നടന്ന എട്ട് ചന്തകൾ ഉൾപ്പെടെ 20 ഓണ ചന്തകളും ജില്ലതലത്തിൽ നെന്മണിക്കര പഞ്ചായത്ത്, കലക്ടറേറ്റ്, എം.ജി റോഡ്, കുടുംബശ്രീ ബസാർ എന്നിവിടങ്ങളിലായി നാലു ജില്ലതല ചന്തകളുമാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ ഉൽപന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർധിത ഉൽപന്നങ്ങളും ഓണ വിപണന മേളകളിലൂടെ ഉപഭോക്താക്കളിൽ എത്തിക്കാനായി.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച ഓണം വിപണന മേളകളിലൂടെ ആകെ 1,25,56,930 രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. 3077 ജെ.എൽ.ജി ഗ്രൂപ്പുകളിൽനിന്ന് 50,76,559 രൂപയുടെ വിറ്റുവരവും 1822 സംരംഭക ഗ്രൂപ്പുകളിൽനിന്ന് 74,80,371 രൂപയുടെ വിറ്റുവരവും ലഭിച്ചു. ഓണം വിപണന മേളയുടെ വിറ്റുവരവിൽ 8.44 ലക്ഷം വിറ്റ് വരവ് നേടി നെന്മണിക്കര സി.ഡി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് ഓണവിപണന മേളകൾ വലിയൊരു അനുഗ്രഹമായി മാറിയതായി ജില്ല മിഷൻ കോഓഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.