മനക്കൊടി അകംപാടത്ത് നൂറേക്കർ നെൽകൃഷി നശിച്ചു
text_fieldsഅരിമ്പൂർ: മഴയിൽ അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി അകംപാടം കോൾ പാടശേഖരത്തിൽ നൂറേക്കർ കൃഷി നശിച്ചു. 230 ഏക്കറിൽ 160 ഏക്കറിലാണ് വിതച്ചത്. മൊത്തം 8000 കിലോ വിത്താണ് വിതച്ചത്. ഇതിൽ 5000 കിലോ വിത്ത് പൂർണമായും നശിച്ചു. ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ പാടത്ത് വെള്ളക്കെട്ടുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയോടെ വെള്ളപ്പൊക്കം രൂക്ഷമാവുകയായിരുന്നു. ലെയിനിലുണ്ടായ തകരാറിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടതോടെ വെള്ളം അടിച്ചുവറ്റിക്കാൻ കഴിയാത്തത്ത് വലിയ നഷ്ടത്തിന് കാരണമായതായി കർഷകർ പറയുന്നു.
കുന്നത്തങ്ങാടി മനക്കൊടി പ്രദേശങ്ങളിൽനിന്നുള്ള വെള്ളം മുഴുവനും ഒഴുകിയെത്തുന്നത് ഈ കോൾ പാടശേഖരത്തിലേക്കാണെന്നതിനാൽ കാര്യങ്ങൾ രൂക്ഷമാവുകയാണ്. 150ഓളം കൃഷിക്കാരാണ് ഇവിടെയുള്ളത്.
70 ഏക്കറിൽ ഒരുമാസം മുമ്പ് നട്ട നെൽച്ചെടികൾക്ക് മഴയിൽ കേട് വന്നില്ലെന്ന ആശ്വാസത്തിലാണ് കർഷകർ. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്.
കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പടവ് കമ്മിറ്റി പ്രസിഡൻറ് പി.എസ്. സിനീഷും സെക്രട്ടറി പനമുക്കത്ത് പ്രഭാകരനും കേരള കർഷക സംഘം അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് അംഗവുമായ കെ. രാഗേഷും ആവശ്യപ്പെട്ടു.
നിരവധി യുവകർഷകർ നെൽകൃഷിയിൽ കടന്നു വരുന്നുണ്ടെന്നും ഇവർക്ക് പ്രോത്സാഹനമെന്ന നിലയിൽ കൃഷി വകുപ്പിെൻറ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഗ്രാമപഞ്ചായത്ത് അംഗം സി.ജി. സജീഷ് ആവശ്യപ്പെട്ടു.
മനക്കൊടി അകംപാടത്ത് നശിച്ച നെൽവിത്ത് ഉയർത്തിക്കാട്ടുന്ന കർഷകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.