വൺവേ പാലിക്കുന്നില്ല; ഗതാഗത കുരുക്കിൽ വലഞ്ഞ് കൊമ്പൊടിഞ്ഞാമാക്കൽ
text_fieldsമാള: കൊമ്പൊടിഞ്ഞാമാക്കൽ ജങ്ഷനിൽ ഗതാഗതകുരുക്ക് പതിവാകുന്നു. മാസങ്ങൾക്ക് മുമ്പ് നടപ്പാക്കിയ വൺവേ ഗതാഗത നിയന്ത്രണം പാലിക്കപ്പെടാത്തതാണ് പ്രശ്നകാരണം. നിയമലംഘനം നിരീക്ഷിക്കാൻ ഇവിടെ സംവിധാനങ്ങളില്ല. മാള പൊലിസ് സ്റ്റേഷനിലേക്ക് എട്ട് കിലോമീറ്ററും പുതിയ ആളൂർ സ്റ്റേഷനിലേക്ക് നാലുകിലോമീറ്ററുമാണ് ഇവിടെ നിന്ന് ദൂരം. അടിയന്തിര ഘട്ടത്തിലല്ലാതെ പൊലീസ് ഇവിടേക്ക് എത്താറില്ല.
ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങള്‍ ഒരേ സമയം എത്തുന്നതാണ് വിനയാവുന്നത്. അഷ്ടമിച്ചിറ റോഡിൽ നിന്നുള്ള വാഹനങ്ങളും ചേരുന്നതോടെ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുന്നു. ഇതേ വഴിയിലെ ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങൾ കൂടിയാകുമ്പോൾ പ്രശ്നം രൂക്ഷമാകുന്നു. അനധികൃത കച്ചവട വാഹനങ്ങളുടെ പാർക്കിങ്ങും പ്രശ്നം വഷളാക്കുന്നു.
പ്രധാന റോഡിൽ വീതി കുറവിനൊപ്പം കെട്ടിടത്തിന്റെ ഭാഗങ്ങള്‍ റോഡിലേക്ക് തള്ളി നില്ക്കുന്നതിനാല് വലിയ വാഹനങ്ങൾ ശ്രമകരമായി തിരിക്കേണ്ട അവസ്ഥയാണ്. കെ.എസ്.ആര്.ടി.സി ഉൾപ്പെടെ ബസ്സുകള്‍ മെയിന്‍ റോഡില്‍ കുടുങ്ങി കിടക്കുന്നത് പതിവാണ്. പൊലിസ് അനാസ്ഥയാണ് വണ്‍വേ ലംഘനത്തിന് കാരണമെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.
പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും പൊലിസ് ഭാഗത്ത് നിന്ന് കാര്യമായ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്നും പഞ്ചായത്തധികൃതർ പറയുന്നു. നിയമലംഘനത്തെ ചൊല്ലി ഡ്രൈവർമാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാറുമുണ്ട്. ടൗണിലെ ടാക്സി വാഹനങ്ങൾക്ക് വേറെ പാർക്കിങ് സ്ഥലം കണ്ടെത്തണമെന്നും സിഗ്നൽ സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.