എന്ന് വരും, മാള ടൗണിൽ വൺവേ ?
text_fieldsമാള: നിരന്തര ആവശ്യമുയർന്നിട്ടും ടൗണിൽ വൺവേ നിലവിൽ വരുത്താൻ അധികൃതർ അറച്ചുനിൽക്കുകയാണെന്ന് ആരോപണം. നാലമ്പല തീർഥാടകരുടെ വാഹനങ്ങൾക് ടൗൺ വഴി കുരുക്കില്ലാതെ കടന്നുപോകാനാവാത്തത് ചർച്ചയായതോടെയാണിത്. പ്രധാനപ്പെട്ട റോഡുകളിലൊന്നായ പോസ്റ്റ് ഓഫിസ് റോഡിന് വീതി കുറവായതിനാൽ ഒരേസമയം രണ്ട് വാഹനങ്ങൾ എതിർദിശയിലൂടെ പോകാനാവാത്തതാണ് കുരുക്കാവുന്നത്. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി എന്നീ സ്ഥലങ്ങളില്നിന്നും മാള ടൗണിലേക്കും പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കും എത്തേണ്ട റോഡാണിത്. അതേസമയം അങ്കമാലി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യബസ് ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വൺവേ സ്ഥാപിക്കാത്തതെന്ന് ആക്ഷേപമുണ്ട്. വൺവേ സ്ഥാപിക്കുന്നതിനു പഞ്ചായത്ത് ശ്രമം നടത്തണമെന്നാവശ്യം ശക്തമാണ്.
കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഗതാഗതം ഇരുഭാഗത്തേക്കും അനുവദിക്കുകകയും മറ്റു റോഡുകളിൽ വൺവേ നിലനിറുത്തുകയും വേണമെന്ന നിർദേശമുണ്ട്. മാള കെ. കരുണാകരൻ റോഡ്, എ.എം. അലി മാസ്റ്റർ റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, ഡേവിസ് പെരേപ്പാടൻ ലിങ്ക് റോഡ് എന്നിവയാണ് വൺവേയായി മാറ്റേണ്ടത്. ഈ റോഡുകളിൽ മതിയായ വീതിയില്ലാത്തത് ബസ് സർവിസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഗതാഗത കുരുക്കഴിക്കുന്നതിന് റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും നീക്കം ചെയ്യണം. ഫുട്പാത്തും നിർമിക്കണം. കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽനിന്നും 23 ഷെഡ്യൂകളാണ് സർവിസ് നടത്തുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ നൂറുകണക്കിന് ബസുകൾ എത്തുന്നുണ്ട്.
മാള പൊലീസ്, പഞ്ചായത്ത്, വ്യാപാരികൾ, ബസ് ജീവനക്കാരുടെ പ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി വൺവേ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഗതാഗത കുരുക്ക് രൂക്ഷമായ മാള ടൗണിൽ കുരുക്കഴിക്കാൻ തങ്ങൾ ശ്രമം നടത്തുന്നതായി അധികൃതർ പറയുന്നു. പോസ്റ്റ് ഓഫിസ് റോഡ് വീതി വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് വിവരം. നേരത്തേ വ്യാപാര സ്ഥാപന ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര സംഖ്യ വർധിപ്പിക്കണമെന്നാവശ്യമുയർന്നിരുന്നു. ഇത് തത്വത്തിൽ സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇങ്ങിനെ അനുമതി വന്നാൽ പോസ്റ്റ് ഓഫിസ് റോഡ് വീതി വർധിപ്പിക്കൽ യാഥാർഥ്യമാവും. ഹെവി വാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്കും കടന്നുപോകാൻ കഴിയുംവിധം വീതി കൂട്ടണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.