ഒരാഴ്ച; കോവിഡ് രോഗികൾ 13,974
text_fieldsതൃശൂർ: ജില്ലയിൽ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 13,974 കോവിഡ് രോഗികൾ. ഇന്നലെ മാത്രം 3604 പേർക്ക് രോഗം ബാധിച്ചു. ജില്ലയിൽ അതിരൂക്ഷ കോവിഡ് വ്യാപനമാണ് നടക്കുന്നതെങ്കിലും ജനം അതിനനുസരിച്ച് ജാഗ്രത പാലിക്കാത്ത സാഹചര്യമാണുള്ളത്. ജനുവരി 13 മുതൽ 19 വരെ കാലയളവിലാണ് വൻതോതിൽ വ്യാപനമുണ്ടായത്. 13ന് 1067 എത്തിയ കോവിഡ് 14ന് 1389ലേക്ക് ഉയർന്നു. 15ന് 1731ലേക്ക് കുതിച്ചു. അടുത്ത ദിവസം 31പേർക്ക് കുറഞ്ഞ് 1700 ആയി. 17ന് 1861ലേക്കും 18ന് 2622ലേക്കും കോവിഡ് കണക്ക് എത്തി.
കഴിഞ്ഞ 10 ദിവസം കൊണ്ട് 16,295 കോവിഡ് രോഗികളാണ് ഉണ്ടായത്. ജനുവരി 10ന് 389 രോഗമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ തുടർന്നങ്ങോട്ട് കിതക്കാതെ കുതിക്കുകയാണ്. 11ന് മൂന്നിരട്ടിയായ 943ലേക്ക് എത്തിയതിന് പിന്നാലെ പ്രതിദിനം നിരക്ക് കൂടുകയായിരുന്നു. 12ന് 989 രോഗികളായിരുന്നുവെങ്കിൽ 13ന് 1067 ആയി വീണ്ടുമുയർന്നു.
പുതുവർഷത്തിലെ ആദ്യദിനം മുതൽ മാറ്റം കണ്ടു തുടങ്ങിയിരുന്നു. ക്രിസ്മസ് ആഘോഷത്തിന് പിന്നാലെ പുതുവത്സരവും അടിച്ചുപൊളിച്ചതോടെയാണ് കോവിഡ് അനുകൂല സാഹചര്യം ഒരുങ്ങിയത്. ജനുവരി ഒന്നു മുതൽ അഞ്ചുവരെ അഞ്ചു ദിവസം കൊണ്ട് 1407 പേർക്കായിരുന്നു രോഗ ബാധ. ഇതിൽ തന്നെ അഞ്ചിന് 376ഉം രണ്ടിന് 342ഉം നാലിന് 330തുമായി പ്രതിദിന ബാധ 300 കടന്നു.
തുടർന്നുള്ള അഞ്ചു ദിവസത്തിനുള്ളിൽ 2783 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇത് 2000ത്തിന് മുകളിലും കടന്നു. ഇതോടെ 19 ദിവസം കൊണ്ട് ജനുവരിയിൽ 16,497 കോവിഡ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഡിസംബറിൽ ആകെ രോഗികളുടെ എണ്ണം 8787 ആയിരുന്നു. ഇങ്ങനെ പോയാൽ ജനുവരിയിൽ 25,000ന് മുകളിൽ രോഗികളുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ദിനംപ്രതി കോവിഡ് ക്ലസ്റ്ററുകൾ കൂടുന്നുണ്ടെങ്കിലും ജനത്തിന്റെ മനോഭാവത്തിൽ മാറ്റം പ്രകടമല്ല. അനാവശ്യ കറക്കവും പെരുമാറ്റച്ചട്ട ലംഘനവും വ്യാപകമായി തുടരുകയാണ്. വാക്സിൻ എടുത്തവരിലാണ് ഈ പ്രവണത കൂടുതലും കാണുന്നത്.
അതേസമയം, കുട്ടികളും സ്ത്രീകളുമായി വിനോദസഞ്ചാരത്തിന് വരെ പോകുന്നവർ ജില്ലയിലുണ്ട്. ജനത്തിന് കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലും ആരോഗ്യവകുപ്പും ജില്ല അധികൃതരും അവശ്യമായ നടപടികളുമായി മുന്നോട്ടുവരാത്തതും ആശങ്ക ഉയർത്തുന്നുണ്ട്.
കൊടുങ്ങല്ലൂർ താലപ്പൊലി: ദേവസ്വം അധികൃതർക്കെതിരെ കേസ്
കൊടുങ്ങല്ലൂർ: താലപ്പൊലി നടത്തിപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ദേവസ്വം അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. താലപ്പൊലി നടത്തിപ്പിന് നേതൃത്വം നൽകിയ കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമീഷണർക്കെതിരെയാണ് കേസ്.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന ജില്ല കലക്ടറുടെ ഉത്തരവിൽ മുന്നൂറിൽ കൂടുതൽ പേർ ഒത്തുകൂടരുതെന്നായിരുന്നു നിർദേശം. കോവിഡ് ഏറിയതോടെ നാലാം താലപ്പൊലി ദിവസം പരമാവധി 50 ആളുകൾ മാത്രം പാടുള്ളൂവെന്നും ഉത്തരവിറക്കി. എന്നാൽ എല്ലാ ദിവസവും നല്ലപോലെ ജനം താലപ്പൊലിക്കാവിലെത്തി. ആളുകളെ നിയന്ത്രിക്കാനുള്ള പൊലീസ് നടപടികളും ഫലം കണ്ടിരുന്നില്ല.
എരുമപ്പെട്ടി ഗവ. സ്കൂളിൽ 13 അധ്യാപകർക്ക് കോവിഡ്
എരുമപ്പെട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 13 അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എരുമപ്പെട്ടി ഗവ. ആശുപത്രിയിൽ നടന്ന പരിശോധനയിൽ അഞ്ച് പേർക്കും മറ്റ് സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.
ഗുരുവായൂരിൽ ദർശനം നടത്തിയത് 2000 പേർ
ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ആദ്യ ദിവസമായ ബുധനാഴ്ച ഗുരുവായൂരിൽ ദർശനം നടത്തിയത് 2000ഓളം പേർ മാത്രം. 3000 പേർക്ക് ഓൺലൈൻ വഴി ദർശന അനുമതി നൽകാനാണ് ദേവസ്വം തീരുമാനിച്ചിരുന്നത്. വൈകീട്ട് ദീപാരാധന വരെ 1930 പേരാണ് ദര്‍ശനം നടത്തിയത്.
പ്രസാദ ഊട്ട് അന്നലക്ഷ്മി ഹാളിൽ നൽകുന്നത് ഒഴിവാക്കി പാർസലായാണ് നൽകിയത്. രാവിലെ 550 പേര്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചക്ക് 1200ഓളം പേര്‍ക്ക് പ്രസാദ ഊട്ടും പാർസലായി നൽകി. കല്യാണം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കളായി പത്തുപേരെ വീതം കല്യാണ മണ്ഡപത്തിനടുത്തേക്ക് അനുവദിച്ചു. കുട്ടികളുടെ ചോറൂൺ നിർത്തിയെങ്കിലും വഴിപാടുകാർക്ക് കിറ്റുകൾ നൽകി. 200ഓളം കിറ്റാണ് ബുധനാഴ്ച നൽകിയത്.
കിറ്റുകൾ വാങ്ങിയ ചിലർ ക്ഷേത്ര പരിസരത്ത് വെച്ചുതന്നെ ചോറൂൺ വഴിപാട് നടത്തി. വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന കൃഷ്ണനാട്ടം വേഷം ട്രെയിനികളുടെ ഇൻറർവ്യൂ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.