കുഞ്ഞാലിപ്പാറ ക്വാറി വിരുദ്ധ സമരത്തിന് ഒരാണ്ട്; തളരാതെ സമരവീര്യം
text_fieldsകൊടകര: മറ്റത്തൂര്‍ കുഞ്ഞാലിപ്പാറയിലെ സ്വകാര്യ ക്രഷറും ക്വാറിയും അടക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തുന്ന സമരം ഞായറാഴ്ച ഒരുവര്‍ഷം പിന്നിട്ടു. കഴിഞ്ഞ മഴക്കാലത്തുണ്ടായ കവളപ്പാറ, പുത്തുമല ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കോടശേരി മലയോരത്തെ കുന്നിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കും ക്രഷറിനുമെതിരെ നാട്ടുകാര്‍ സംഘടിച്ചത്. ഇ
വിടത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്ന ഭീതിയാണ് നാട്ടുകാരെ സമരരംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്. വിവിധ രാഷ്ട്രീയകക്ഷികളും സാമുദായിക, സാംസ്കാരിക സംഘടനകളും സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ടി.എന്‍. പ്രതാപന് എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ സംസ്ഥാന വനിത കമീഷന് ചെയര്പേഴ്സന് എം.സി. ജോസഫൈന്, കെ. വേണു, സി.ആര്. നീലകണ്ഠന് തുടങ്ങി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പേര് വിവിധ ഘട്ടങ്ങളിലായി സമരപ്പന്തലിലെത്തിയിരുന്നു.
ചെറുതും വലുതുമായ നൂറോളം സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. സമരസമിതി നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധനയും അന്വേഷണവും നടത്തി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയും കുഞ്ഞാലിപ്പാറ സന്ദര്‍ശിച്ചിരുന്നു. കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് ഏതാനും മാസങ്ങളായി സമരപ്പന്തലില്‍ കുത്തിയിരിപ്പ് സമരം ഇല്ലെങ്കിലും നാട്ടുകാര്‍ സമരരംഗത്ത് സജീവമാണ്.
സമരത്തിന് ഒരുവര്‍ഷം തികഞ്ഞ ഞായറാഴ്ച നാട്ടുകാര്‍ വീടുകള്‍ക്ക് മുന്നില്‍ ക്വാറി വിരുദ്ധ പ്ലക്കാര്‍ഡുകളേന്തി നിന്ന് സമരത്തില്‍ കണ്ണികളായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് അവിട്ടപ്പിള്ളി, മൂന്നുമുറി, കുഞ്ഞാലിപ്പാറ, ഒമ്പതുങ്ങല്‍ പ്രദേശങ്ങളിലുള്ളവരാണ് അവരവരുടെ വീടുകള്‍ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി നിന്ന് സമരത്തില്‍ കണ്ണികളായത്. ക്രഷറും ക്വാറിയും എന്നന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും ഇതിനായി അടിയന്തര നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളാണ് ഓരോ വീട്ടുകാരും ഉയര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.