കുറഞ്ഞ പലിശക്ക് വായ്പ വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പ്
text_fieldsഓൺലൈനിലൂടെ കുറഞ്ഞ പലിശക്ക് വായ്പ സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുകയാണ്. കോവിഡ് മഹാമാരിയിലെ പ്രതിസന്ധി മുതലെടുത്താണ് മലയാളികളടക്കമുള്ള സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിൽനിന്ന് വലവീശി ഇരകളെ പിടിക്കുന്നത്. ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ വ്യാഴാഴ്ച തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇവരുടെ രീതികളും പുറത്തുവരുകയാണ്.
ആകർഷക വാഗ്ദാനം,കെണിയിൽ വീഴുന്നത് കോവിഡ് പ്രതിസന്ധിയിലാക്കിയവർ
ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ഡോക്കുമെേൻറഷനോ മറ്റ് നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശക്ക് ലോൺ സംഘടിപ്പിച്ചു നൽകാമെന്ന എസ്.എം.എസ് സന്ദേശം പൊതുജനങ്ങൾക്ക് അയക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘം പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാർക്ക് ബന്ധപ്പെടാനായി ഒരു ഫോൺ നമ്പറും നൽകും. പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നൽകുന്ന ഈ ഫോണിലേക്ക് തിരികെ വിളിക്കുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ഇവരോട് നയത്തിൽ സംസാരിക്കും. അതിനുശേഷം ലോൺ പ്രോസസിങ് ഫീസ്, നികുതി, ഡിമാൻഡ് ഡ്രാഫ്റ്റ് ഫീസ്, പണം അക്കൗണ്ടിലേക്ക് അടക്കാനുള്ള ചെറിയ ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞ് ചെറിയ ചെറിയ തുകകളായി തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കും. വിശ്വാസ്യതക്കായി ലോൺ പാസാക്കി നൽകിയ രസീതുകളും രേഖകളും പണം ഇടപാടുകാരെൻറ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിെൻറ രസീതും ഇടപാടുകാർക്ക് വാട്സ്ആപ് വഴി അയച്ചു കൊടുക്കുകയും ചെയ്യും. ഇതെല്ലാം വിശ്വസിച്ച് ഇടപാടുകാരൻ ഓരോ തവണയും തട്ടിപ്പുകാർക്ക് പണം കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യും. ലോക്ഡൗൺ കാലത്ത് ബിസിനസ് മന്ദീഭവിച്ചതും ജോലികൾ നഷ്ടപ്പെട്ട് വരുമാനം നിലച്ച അത്യാവശ്യക്കാരുമാണ് ഇത്തരത്തിൽ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത്.
വ്യാജ സിം കാർഡും ബാങ്ക് അക്കൗണ്ടുകളും
ഇടപാടുകാരെ ബന്ധപ്പെടാനും സന്ദേശങ്ങളും രേഖകളും കൈമാറി ചതിയിൽ കുടുക്കാനും വിവിധ ഭാഗങ്ങളിലുള്ളവരുടെ പേരും വിലാസവും ഉപയോഗിച്ചാണ് സിം കാർഡുകൾ പ്രതികൾ സംഘടിപ്പിച്ചിരുന്നത്. ഇത്തരത്തിൽ സിം കാർഡുകൾ വിതരണം ചെയ്യാൻ ഡൽഹി കേന്ദ്രീകരിച്ച് ഏജൻറുമാർ പ്രവർത്തിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇടപാടുകാരോട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്ന ബാങ്ക് അക്കൗണ്ടുകളും വ്യാജമാണെന്ന് കണ്ടെത്തി. സാധാരണക്കാരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് പ്രതികൾ ഉപയോഗിച്ചു വന്നിരുന്നത്. ഇടപാടുകാർ നിക്ഷേപിക്കുന്ന പണം തട്ടിപ്പുകാർ എ.ടി.എം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയാണ് പതിവ്. ബാങ്ക് അക്കൗണ്ട് ഉടമയെയും മൊബൈൽ ഫോൺ ഉടമയെയും അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണിത്.
ഓരോ ഇടപാടുകാരനിൽനിന്നും പരമാവധി പണം തട്ടിയെടുത്ത് കഴിയുന്നതോടെ സിം കാർഡുകൾ നശിപ്പിക്കുകയും അക്കൗണ്ടിൽനിന്ന് പണം മുഴുവനായി പിൻവലിക്കുകയും ചെയ്യും.
മലയാളികൾ ഉൾപ്പെട്ട സൈബർ തട്ടിപ്പ്
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ സംഘങ്ങളാണ് മലയാളികളെ ചതിയിൽപെടുത്തി പണം തട്ടിയെടുത്തിരുന്നതിൽ ഭൂരിഭാഗവും. ഇവർ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് ഇടപാടുകാരോട് സംസാരിച്ചിരുന്നത്.
അതിനാൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നായിരുന്നു മുമ്പ് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ അറസ്റ്റ് ചെയ്ത സംഘാംഗങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികളാണ് എന്നതാണ് ഗൗരവകരമായ വിഷയം. പ്രതികൾ ഡൽഹിയിലെ ഒരു സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. മാത്രവുമല്ല, ഇവർ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി സംസാരിച്ച് ഇടപാടുകാരെ ചതിയിൽ വീഴ്ത്തുന്നതിൽ വൈദഗ്ധ്യം നേടിയവരുമാണ്.
തൃശൂർ സ്വദേശിനിക്ക് നഷ്ടമായത് അഞ്ച് ലക്ഷത്തിലധികം
ഡോക്യുമേൻറഷനും നടപടിക്രമങ്ങളുമില്ലാതെ കുറഞ്ഞ പലിശക്ക് 10 ലക്ഷം ലോൺ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം തൃശൂർ സ്വദേശിയായ യുവതിയിൽനിന്ന് തവണകളായി തട്ടിയെടുത്തത് അഞ്ച് ലക്ഷം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പൊലീസ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിരവധി പേരുടെ പണം ഇതുപോലെ നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ വിമുഖത കാണിക്കുന്നതായാണ് കരുതുന്നത്. പണം നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണം വരുംദിവസങ്ങളിൽ തുടരും.
പണം വീതിച്ചെടുത്ത് ആഡംബര ജീവിതം
തട്ടിപ്പു നടത്താൻ ഓരോരുത്തർക്കും പ്രത്യേക ഡ്യൂട്ടികൾ നിർദേശിച്ചു നൽകും. ഇടപാടുകാരനെ കണ്ടെത്താൻ എസ്.എം.എസ് അയക്കുക, ഇടപാടുകാരുമായി സൗമ്യമായി സംസാരിക്കുക, ഇവരുടെ സ്വഭാവം മനസ്സിലാക്കി വായ്പ അനുവദിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് പറഞ്ഞ് കെണിയിൽ വീഴ്ത്താനുള്ള സാഹചര്യം ഒരുക്കുക തുടങ്ങി ഓരോരുത്തർക്കും വ്യത്യസ്ത ജോലികളാണ് നിർവഹിക്കാനുള്ളതെന്ന് പിടിയിലായ പ്രതികൾ അവരുടെ പ്രവർത്തന രീതികളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഇവർ വീതിച്ചെടുക്കുകയാണ് പതിവ്.
ഇവർ കേരളത്തിലേക്ക് വരുന്നതും പോകുന്നതും വിമാനങ്ങളിലായിരുന്നു. വ്യാഴാഴ്ച പിടിയിലായ പ്രധാന പ്രതി വിനയ് പ്രസാദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അന്വേഷണോദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
തട്ടിപ്പുകാരെ കരുതിയിരിക്കാൻ കമീഷണറുടെ മുന്നറിയിപ്പ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം നിരവധി പേരാണ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്ന സൈബർ തട്ടിപ്പുകൾ ഏറിവരുന്നതായി അന്വേഷണ ഏജൻസികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കമീഷണർ ആർ. ആദിത്യ അറിയിച്ചു. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിലൂടെ എത്തുന്ന ഇ-മെയിൽ, എസ്.എം.എസ് സന്ദേശങ്ങളോട് സൂക്ഷ്മതയോടെ പ്രതികരിക്കുക. ഓൺലൈൻ ബാങ്കിങ്, ഷോപ്പിങ് ഇടപാടുകളിൽ പരമാവധി ജാഗ്രത പുലർത്തുക. വ്യക്തിഗത വിവരങ്ങൾ, ഒറ്റത്തവണ പാസ്വേഡുകൾ തുടങ്ങി സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കിടരുത്. ആകർഷകമായ വാഗ്ദാനങ്ങളിൽ മോഹിച്ച് ഓൺലൈൻ ഇടപാടുകളിൽ ഏർപ്പെടരുത്. ഏതു സാഹചര്യത്തിലും 24 മണിക്കൂറും സഹായത്തിനായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ വായ്പ തട്ടിപ്പ്: മലയാളി സംഘം പിടിയിൽ
തൃശൂർ: ഓൺലൈനിലൂടെ കുറഞ്ഞ പലിശക്ക് വായ്പ സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നിൽ. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരൻ വിവേക് പ്രസാദ് (23), ചേർത്തല പട്ടണക്കാട് വെട്ടക്കൽ പുറത്താംകുഴി വീട്ടിൽ ഗോകുൽ (25), വെസ്റ്റ് ഡൽഹി രജ്ദീർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് ഡി.ഐ.ജി എ. അക്ബറിെൻറ മേൽനോട്ടത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ സിറ്റി ക്രൈം റെേക്കാഡ്സ് ബ്യൂറോ അസി. കമീഷണർ കെ.കെ. സജീവ്, തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്റഫ്, സബ് ഇൻസ്പെക്ടർമാരായ സി.എ. സുനിൽകുമാർ, എം.ഒ. നൈറ്റ്, കെ.എസ്. സന്തോഷ്, അസി. സബ് ഇൻസ്പെക്ടർ ആർ.എൻ. ഫൈസൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനു കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ് ശങ്കർ, കെ.കെ. ശ്രീകുമാർ, വി.ബി. അനൂപ്, എം.പി. ശരത്ത്, വിഷ്ണു കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.