തൃശൂർ പൂരം പ്രദർശനത്തിന് ഓൺലൈൻ ടിക്കറ്റ് മാത്രമേ അനുവദിക്കാനാവൂ –ആരോഗ്യ വകുപ്പ്
text_fieldsതൃശൂർ: തൃശൂർ പൂരേത്താടനുബന്ധിച്ച പ്രദർശനത്തിന് കൗണ്ടർ ടിക്കറ്റ് അനുവദിക്കാനാവില്ലെന്നും ഓൺലൈൻ ടിക്കറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നും ആരോഗ്യ വകുപ്പ്.
ഇതനുസരിച്ച് 200 പേരെ മാത്രമേ ഒരേസമയം പ്രവേശിപ്പിക്കാനാവൂ എന്ന് ജില്ല ഭരണകൂടം നിർദേശിച്ചു. ഈ നിർദേശം ദേവസ്വങ്ങൾ തള്ളി. ഓൺലൈനിൽ മാത്രവും 200 പേരെ മാത്രമേ അനുവദിക്കാനാവൂ എന്ന് നിർബന്ധമേർപ്പെടുത്തിയാൽ പ്രദർശനവും പൂരവും ഉപേക്ഷിക്കുമെന്ന് ദേവസ്വങ്ങൾ ജില്ല ഭരണകൂടത്തെ അറിയിച്ചു.
പൂരം ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ദേവസ്വങ്ങൾ ഇറങ്ങിപ്പോയി.
പൂരം പൂർണമായ ചടങ്ങുകളോടെ 15 ആനകളെയും വെടിക്കെട്ടുൾപ്പെടെയുമായി ആഘോഷിക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു. പ്രവേശനം അനുവദിക്കുന്നതും ചടങ്ങുകളിലെ ക്രമീകരണവും നിയന്ത്രണവും സംബന്ധിച്ച് ദേവസ്വങ്ങളും പൊലീസ്, ആരോഗ്യ വകുപ്പുകളുടെയും നിർദേശങ്ങളുമുൾപ്പെടെ ജില്ല ഭരണകൂടവുമായി ചർച്ച ചെയ്ത് തീരുമാനിക്കാനായിരുന്നു ചീഫ് െസക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
പൂരം പ്രദർശനത്തിന് അനുമതി തേടി പ്രദർശന കമ്മിറ്റി സെക്രട്ടറിയുടെ കത്തിന് ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ വിവാദമായത്.
തൃശൂരിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനം ഉണ്ടായിരുന്നത് വെള്ളിയാഴ്ച 3.12 ശതമാനമായി വർധിച്ചു. ഇത് ചേർത്ത് നോക്കുമ്പോൾ കോവിഡ് ജാഗ്രത തുടരേണ്ടതുണ്ട്. അതുകൊണ്ട് പൂരം പ്രദർശനം ഓൺലൈൻ ബുക്കിങ് സൗകര്യമല്ലാതെ കൗണ്ടറിൽനിന്ന് ടിക്കറ്റ് എടുക്കുന്ന സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുതന്നെ ഒരേസമയം ആറായിരത്തിലധികം പേർക്ക് നിൽക്കാൻ സൗകര്യപ്രദമാണ് തൃശൂർ പൂരം പ്രദർശന നഗരി. അങ്ങനെയെങ്കിൽ 200 എന്ന് നിയന്ത്രണമേർപ്പെടുത്തുന്നതിന് പിന്നിൽ സംശയമുണ്ടെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
നിയന്ത്രണം ഏർപ്പെടുത്തുന്നത് അപലപനീയം -ഡി.സി.സി പ്രസിഡൻറ്
തൃശൂർ: പൂരവും പ്രദർശനവും ഭംഗിയായി നടത്തുന്നത് തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന നടപടിയിൽനിന്ന് ജില്ല ഭരണകൂടം പിന്മാറണമെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ്.
ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പതിവുപോലെ എല്ലാം നടത്താൻ തീരുമാനിച്ചതാണ്. ഇത് നടപ്പാക്കാൻ ജില്ല ഭരണകൂടം തടസ്സം സൃഷ്ടിക്കുകയാണ്. അനാവശ്യമായ നിർദേശങ്ങളും നിബന്ധനകളും ഉന്നയിച്ച് തൃശൂർ പൂരവും പ്രദർശനവും പ്രൗഢി ഇല്ലാതാക്കാൻ ജില്ല ഭരണകൂടം ശ്രമിച്ചാൽ എതിർക്കേണ്ടി വരുമെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.