കോൾ പാടങ്ങളിൽ തകർച്ചയുടെ കഥകൾ മാത്രം
text_fieldsതൃശൂർ: ജില്ലയിലെ കോൾ പാടങ്ങളിൽനിന്ന് കുറച്ച് നാളുകളായി കേൾക്കുന്നത് തകർച്ചയുടെ കഥകൾ മാത്രം. സർക്കാറിന്റെ അനാസ്ഥയാണ് പൊന്ന് വിളയേണ്ട കോൾ പാടങ്ങളെ ഇന്നത്തെ തകർച്ചയിലേക്ക് നയിച്ചത്. ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായി. ജില്ലയുടെ പാരിസ്ഥിതിക സംതുലനത്തിലും നിർണായക പങ്കാണ് സമുദ്ര നിരപ്പിൽനിന്ന് മൂന്ന് മീറ്റർവരെ താഴ്ന്ന് കിടക്കുന്ന കോൾപാടങ്ങൾ വഹിക്കുന്നത്. കടലിനും കടൽവെള്ളം കയറുന്ന കായലിനും കാനോലി കനാലിനും സമാന്തരമായി കിടക്കുന്ന പാടശേഖരം എല്ലാ കാലത്തും ഓരുവെള്ള കയറ്റത്തിന് സാധ്യതയുള്ള പ്രദേശങ്ങളുമാണ്.
കേരളത്തിലെ നെല്ലിന്റെ ശരാശരി ഉൽപാദനക്ഷമതയുടെ മൂന്നുമടങ്ങാണ് കോളിലെ ഉൽപാദനക്ഷമത. കേരളത്തിൽ ഹെക്ടറിന് രണ്ട് ടൺ ഉൽപാദനശേഷി ശരാശരി കണക്കാക്കുമ്പോൾ കോൾപാടങ്ങളിലിത് ആറ് ടണ്ണാണ്. എന്നാൽ മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്ത് പരിധികളിൽ വരുന്ന കോൾ പാടങ്ങളിൽ ഏതാനും വർഷങ്ങളായി കണക്കാക്കിയിരുന്ന ഉൽപാദനക്ഷമത ശരാശരി 6.5 ടണ്ണായിരുന്നു. എന്നാൽ, ഇന്ന് സംസ്ഥാനത്തെ ശരാശരി ഉൽപാദനക്ഷമത മൂന്നു ടണ്ണായി കണക്കാക്കുമ്പോൾ കോൾപാടങ്ങളിലേത് അഞ്ച് ടണ്ണും അതിലും താഴെയുമായിരിക്കുന്നു. സ്ഥിരമായുള്ള ഓരുജല കയറ്റമാണ് ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഒരുവെള്ളം പ്രതിരോധിക്കുന്നതിനുളള റെഗുലേറ്ററുകളുടെ തകരാറാണ് ഓരുവെള്ള കയറ്റത്തിന് പ്രധാന കാരണം.
ഏനാമാവ് റെഗുലേറ്റർ
കോൾപാടങ്ങളിലെ നെല്ലുൽപാദനത്തിന്റെ പ്രാധാന്യവും തൃശൂർ നഗരമുൾെപ്പടെ കിഴക്കൻ ജനവാസ മേഖലയിലേക്ക് ഉപ്പ് കയറി കുടിനീരിനും ജൈവ ആവാസവ്യവസ്ഥക്കും സംഭവിക്കാവുന്ന നഷ്ടങ്ങളും പ്രതിരോധിക്കുന്നതിന് 1956ൽതന്നെ രൂപം കൊണ്ടതാണ് ഏനാമാവ് റെഗുലേറ്റർ. അന്ന് ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം. 1984 ൽ ഇലക്ട്രിക് ലൈൻ വീണ് െറഗുലേറ്ററിലെ മോട്ടോറുകൾക്ക് കേടുവന്നതാണ് ഇതിന്റെ ഉപയോഗത്തിൽ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇതോടൊപ്പം ഉപ്പുവെള്ളത്തിൽ നിൽക്കുന്നതുകൊണ്ട് തുരുമ്പ് എടുത്തുള്ള പ്രശ്നങ്ങളും ചോർച്ച കൂട്ടി. ഇന്നിപ്പോൾ റെഗുലേറ്ററിന് കിഴക്കുമാറി കോൾ ചാലിൽ മണ്ണിട്ട് വളയം കെട്ട് പണിതാണ് ഓരിനെ പ്രതിരോധിക്കുന്നത്. ഇതിനായി ശരാശരി ഓരോ വർഷവും 60 ലക്ഷം രൂപയാണ് െചലവഴിക്കുന്നത്. നെല്ലിന് ഓരിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. നിലവിൽ അനുവദനീയമായതിന്റെ 10 മടങ്ങെങ്കിലും ഉപ്പ് കോൾപാടങ്ങളിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. റെഗുലേറ്ററിന്റെ തകർച്ചക്കൊപ്പം കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായി. വർഷം, വേനൽ എന്നിങ്ങനെ വെള്ളം കടലിലേക്ക് ഒഴുകുന്നതും തിരിച്ച് കടൽവെള്ളം കരയിലേക്ക് സമ്മർദമേറ്റുന്നതുമായ കാലങ്ങൾക്ക് ക്രമം നഷ്ടപ്പെട്ടു. കോളിലേക്കുള്ള ചിമ്മിനി ഡാം വെള്ളത്തിന്റെ 30 ശതമാനത്തിലധികം ഓരിനെ പ്രതിരോധിക്കാൻ മാത്രം കടലിലേക്ക് ഒഴുക്കുകയാണ്.
വെങ്കിടങ്ങ്, മുല്ലശ്ശേരി പ്രദേശങ്ങൾ
ഏനാമാവ് റെഗുലേറ്ററിന്റെ അപാകതമൂലം നിരന്തരമായി സംഭവിക്കുന്ന ഓരുജല കയറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് വെങ്കിടങ്ങ്, മുല്ലശ്ശേരി പ്രദേശങ്ങളെയാണ്. ഹെക്ടറിന് 6,500 കിലോ ശരാശരി കണക്കാക്കിയാൽ 2021-22ലെ ഉൽപാദന നഷ്ടം 1549.712 ടൺ നെല്ലാണ്. 2022-23ലെ ഉൽപാദന നഷ്ടം 342.16 ടൺ നെല്ലാണ്. മൂല്യത്തിൽ കണക്കാക്കുമ്പോൾ ഇത് 5.37 കോടി രൂപ വരും. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ 2256 ടൺ നെല്ലിന്റെ കുറവാണ് സമാന കാലയളവിൽ ഉണ്ടായത്. 6.4 കോടി വരും ഈ നഷ്ടം. രണ്ട് പഞ്ചായത്തുകളിലുമായി കർഷകർക്ക് സംഭവിച്ചത് 11.78 കോടി രൂപയുടെ നഷ്ടമാണ്. ഏനാമാവ് റെഗുലേറ്ററിന് സമീപത്തെ മണലൂർത്താഴം കോൾപടവിൽ സംഭവിച്ചത് 2.81 കോടിയുടെ നഷ്ടമാണ്.
കർഷകർ പ്രക്ഷോഭത്തിലേക്ക്
സർക്കാറിന്റെ അനാസ്ഥക്കും അവഗണനക്കുമെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഏനമാവ്-മുല്ലശ്ശേരി കോൾ കർഷക കൂട്ടായ്മ.
കോൾ കൃഷിയിലെ ഉൽപാദനവും ഉൽപാദന ക്ഷമതയും തകർക്കുന്നതിൽ ഏറ്റവും നിർണായകമായ ഓരുവെള്ള കയറ്റത്തിന് കാരണമായ ഏനാമാവ്, ഇടിയഞ്ചിറ, മുനയം റെഗുലേറ്ററുകൾ അടിയന്തരമായി തകരാറുകൾ പരിഹരിച്ച് സജ്ജമാക്കണമെന്നാണ് പ്രധാന ആവശ്യം. ഉപ്പിന്റെ അളവ് സെൻസർ ഉപയോഗിച്ച് സ്വയം കണ്ടെത്തി പ്രവർത്തിക്കുന്ന രീതിയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റെഗുലേറ്ററുകൾ സജ്ജമാക്കണം.നെല്ലിന്റെ വില കർഷകർക്ക് നൽകുന്നതിൽ കൃത്യമായ നടപടിയുണ്ടാകണം.
മണ്ണും വെള്ളവും പരിശോധിച്ച് കൃഷിവകുപ്പ് കൃത്യമായ പരിപാലന നിർദേശങ്ങൾ നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ജൂൈലയിൽ മുല്ലശ്ശേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന ഏനമാവ്-മുല്ലശ്ശേരി കോൾ കർഷക കൂട്ടായ്മ ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായി ഭാരവാഹികളായ പി. പരമേശ്വരൻ, കെ.കെ. അനീഷ് കുമാർ, ടി.വി. വിശ്വംഭരൻ, രാജൻ മരയ്ക്കാത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.