ടാർപായയുടെ മാത്രം സുരക്ഷയിൽ
text_fieldsവാടാനപ്പള്ളി: ഇടിഞ്ഞ് വിള്ളൽ രൂപപ്പെട്ട ചുമരുകൾ, ചിതലരിച്ച് ദ്രവിച്ച പട്ടികകൾ, ചോർന്നൊലിച്ച് മഴ കൊള്ളാതിരിക്കാൻ വീടിനെ പുതപ്പിച്ച് ടാർ പായ, ഒരു വീട് ഇടിഞ്ഞ് തകർന്നു, ശേഷിച്ചവ ശക്തിയായ കാറ്റോ മഴയോ വന്നാൽ വീഴാവുന്ന നിലയിൽ... വാടാനപ്പള്ളി ബീച്ച് വ്യാസനഗറിന്റെ ഫിഷറീസ് കോളനിയിലെ വീടുകൾക്കാണ് ഈ ദുരവസ്ഥ. 1972ൽ ഫിഷറീസ് വക സ്ഥലത്താണ് പത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി അഞ്ച് ഇരട്ട വീടുകൾ നിർമിച്ചുനൽകിയത്. 50 വർഷം കഴിഞ്ഞിട്ടും വീട് അറ്റകുറ്റപ്പണി നടത്താൻ പോലും സഹായം ലഭിച്ചില്ല. കളവൂർ വീട്ടിൽ കോയമോൻ, കളവൂർ വീട്ടിൽ ഐഷ, അമ്മു, കൊല്ലാമ്പി കൃഷ്ണൻ, നീരട്ടി കുട്ടൻ, ഇണ്ണാറൻ ഷൺമുഖൻ, കാട്ടിൽ ഇണ്ണാറൻ കൗസല്യ, ഇണ്ണാറൻ കൃഷ്ണൻ കുട്ടി, ചന്ദ്രിക, ഉഷ എന്നിവരാണ് താമസിക്കുന്നത്. 18 വർഷം മുമ്പ് വീടുകൾ തകർച്ചാഭീഷണിയിലായിട്ടും അറ്റകുറ്റപ്പണി നടത്താൻ സഹായം കിട്ടിയില്ല. എല്ലാ വീടുകളുടെ ചുമരുകളും ഇടിഞ്ഞ നിലയിലായിരുന്നു. മേൽക്കൂരയും കഴുക്കോലുകളും ദ്രവിച്ചു. മഴയിൽ വീടുകൾ ചോർന്നൊലിക്കുന്ന അവസ്ഥയായിരുന്നു.
ഇതിനിടയിൽ ഐഷയുടെ വീട് ഏതാനും വർഷം മുന്ന് തകർന്നു. നന്നാക്കാൻ കൈവശം പണമില്ലാത്തതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറി. മഴയിൽ ചോർന്നൊലിച്ചതോടെ തടയാനായി വീടുകൾക്ക് മുകളിൽ ടാർ പായ വിരിച്ചിരിക്കുകയാണ്. വീടുകളുടെ ശുചിമുറിയും തകർന്ന നിലയിലാണ്. ഇരട്ട വീടുകൾ ആയതിനാൽ ഒരു വീടിന് അപകടമുണ്ടായാൽ ഇതിനോട് ചേർന്ന വീടിനും ബാധിക്കും. ഒച്ചയും ബഹളവും അടുത്ത വീട്ടിലുള്ളവരെയും ബാധിക്കും. കുടുംബത്തിൽ ആളുകൾ കൂടിയതോടെ ഒതുങ്ങിയ മുറികൾ കാരണം നിന്ന് പെരുമാറാനും സൗകര്യമില്ല. തലമുറ മാറിയിട്ടും വീടുകൾക്ക് മാത്രം മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.