പീച്ചി ഡാം തുറക്കല്‍: ഇടപെട്ട് മുഖ്യമന്ത്രി
text_fieldsതൃശൂര്‍: ഈവര്‍ഷം ജില്ലയിലുണ്ടായ പ്രളയത്തിന് കാരണം പീച്ചി ഡാം തുറന്നതാണെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പീച്ചി ഡാം തുറക്കല്‍ ചര്‍ച്ച ചെയ്യുകയും വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നല്‍കുകയും ചെയ്തു. പരാതിയുമായി വന്ന കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷക്ക് മറുപടിയായി ദുരന്തനിവാരണവകുപ്പ് അണ്ടര്‍സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
2024 ജൂലൈ 25 മുതല്‍ 30 വരെയാണ് മുന്നറിയിപ്പില്ലാതെ പീച്ചി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകളും 72 ഇഞ്ച് തുറന്ന് വെള്ളം ഒഴുക്കിയത്. ഇതോടെ ജില്ലയില്‍ വെള്ളപ്പൊക്കമുണ്ടായി. കൃഷിനാശം സംഭവിക്കുകയും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി വന്‍നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.
പീച്ചി ഡാം മാനേജ്മെന്റിലെ വീഴ്ചയാണ് പ്രളയത്തിന് പിന്നിലെന്ന് ആരോപിച്ച് ഷാജി ജെ. കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും തൃശൂര്‍ ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം സബ് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പീച്ചി പൊലീസ് നടത്തിയ അന്വേഷണത്തിലും സമാനമായ കണ്ടെത്തലാണ് ഉണ്ടായത്.
സബ് കലക്ടറുടെയും പൊലീസിന്റെയും റിപ്പോര്‍ട്ടില്‍ ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എന്ത് നിലപാട് സ്വീകരിക്കുമെന്നത് വരുംദിവസങ്ങളില്‍ അറിയാനാകും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തില്‍ മുഖ്യമന്ത്രി നടപടിയെടുക്കുക. നിലവില്‍ ഡാമിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അതേസമയം, പീച്ചി ഡാം തുറന്ന വിഷയം ഹൈകോടതിയുടെ മുമ്പിലും എത്തിയിട്ടുണ്ട്. നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.