ഗുണ്ടാ സംഘങ്ങളെ ഒതുക്കാൻ 'ഓപറേഷൻ റേഞ്ചറു'മായി തൃശൂർ സിറ്റി പൊലീസ്
text_fieldsതൃശൂർ: സമൂഹ വിരുദ്ധരേയും ഗുണ്ടാസംഘങ്ങളെയും കർശനമായി നേരിടാൻ 'ഓപ്പറേഷൻ റേഞ്ചർ' നടപടികളുമായി തൃശൂർ സിറ്റി പൊലീസ്. ഇതിെൻറ ഭാഗമായി തൃശൂർ സിറ്റി പൊലീസിനു കീഴിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടത്തി. 335 ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്ത് 592 കുറ്റവാളികളെ പരിശോധനക്ക് വിധേയരാക്കി. ക്രിമിനൽ ചട്ടം107,108 വകുപ്പുകൾ പ്രകാരം 105 പേർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. രണ്ട് പേർക്കെതിരെ 'കാപ്പ' ചുമത്താനും ശിപാർശ ചെയ്തിട്ടുണ്ട്. പുതുതായി ആരംഭിച്ച റൗഡി ഹിസ്റ്ററി ഷീറ്റിൽ 40 പേർ ഉൾപ്പെട്ടിട്ടുണ്ട്.
കൊടും കുറ്റവാളികൾ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിവരെ കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് തരം തിരിച്ചു. കുറ്റവാളികളുടെ പ്രവർത്തനങ്ങളും നിലവിലെ അവസ്ഥയും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ടുകൾ നൽകാൻ ഇൻറലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കി. കുറ്റവാളികളുടേയും ഗുണ്ടാസംഘങ്ങളുടേയും സഞ്ചാരം സൈബർസെൽ നിരീക്ഷിക്കും.
ക്രിമിനൽ നടപടിക്രമം 107, 108 വകുപ്പുകൾ പ്രകാരമുള്ള കരുതൽ നടപടികൾ കർശനമാക്കുകയും നല്ലനടപ്പ് ബോണ്ട് ലംഘനം നടത്തുന്നവരെ കരുതൽ തടങ്കലിന് വിധേയമാക്കുകയും ചെയ്യും.
ഇപ്പോൾ അന്വേഷണത്തിലുള്ള കേസുകളിലെ മുഴുവൻ പ്രതികളുടേയും ലിസ്റ്റ് തയാറാക്കി, ഒളിവിൽ പോയവരെയും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേകം സംഘങ്ങളെ നിയോഗിക്കും. കോടതികൾ പുറപ്പെടുവിച്ച വാറണ്ടുകൾ സമയബന്ധിതമായി നടപ്പാക്കും. ഗുണ്ടാസംഘങ്ങളും വിധ്വംസക പ്രവർത്തകരും ഉൾപ്പെട്ട കേസന്വേഷണത്തിന് അസിസ്റ്റൻറ് കമീഷണർമാർ മേൽനോട്ടം വഹിക്കും.
കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകളും സാമൂഹ്യവിരുദ്ധരും ജാമ്യം നേടി പുറത്തിറങ്ങുന്നതു തടയാൻ പ്രത്യേകം നടപടി സ്വീകരിക്കും. ജാമ്യലംഘനം ശ്രദ്ധയിൽപെട്ടാൽ ജാമ്യം റദ്ദാക്കാൻ കോടതികളോട് അഭ്യർഥിക്കും. കുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ രീതി അനുസരിച്ച് പ്രത്യേക ലിസ്റ്റ് തയാറാക്കും. അക്രമ സ്വഭാവികൾ, പിടിച്ചുപറിക്കാർ, സാമ്പത്തിക കുറ്റവാളികൾ, മാല മോഷ്ടാക്കൾ, മദ്യം - മയക്കുമരുന്ന് കഞ്ചാവ് വിൽപ്പനക്കാർ എന്നിവരുടെയെല്ലാം ലിസ്റ്റ് തയാറാക്കി, നിരീക്ഷണം കർശനമാക്കും. നിലവിൽ തൃശൂർ സിറ്റി പൊലീസ് ജില്ലയിലെ 20 പൊലീസ് സ്റ്റേഷനുകളിലായി 712 പേർക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ നിലവിലെ അവസ്ഥ പരിശോധിക്കാൻ സംവിധാനമൊരുക്കും. അവരുടെ താമസസ്ഥലങ്ങളിൽ പോയി പരിശോധന നടത്തുന്നതിന് ഇലക്ട്രോണിക് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എം-ബീറ്റ് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കും. പ്രകൃതിവസ്തു ചൂഷണം, മണൽക്കടത്ത്, അബ്കാരി ആക്ട് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരേയും നിരീക്ഷണം ശക്തമാക്കും. നിയമവിരുദ്ധ പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ കരുതൽ തടങ്കൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും. സാമുദായിക സംഘർഷം സൃഷ്ടിക്കുന്നവരേയും തീവ്രവാദ സ്വഭാവക്കാരേയും കർശന നിയമനടപടികൾക്ക് വിധേയമാക്കുമെന്നും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.