ഓപറേഷന് യെല്ലോ: പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 3149 അനര്‍ഹ റേഷൻ കാര്‍ഡുകള്‍
text_fieldsതൃശൂർ: ജില്ലയിൽ ഓപറേഷന് യെല്ലോയുടെ ഭാഗമായി 3149 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. രണ്ടര കോടിക്ക് മുകളില്‍ പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്കി. ഇതിൽ ഒന്നര കോടി മാത്രമാണ് സര്‍ക്കാറിലേക്ക് പിഴ അടക്കാനായത്. ബാക്കി ഒരു കോടി തുക ഇനിയും പിഴയായി ലഭിക്കാനുണ്ട്. ഓപറേഷൻ യെല്ലോ ശക്തമായി തുടരാനും പിഴ സമയബന്ധിതമായി അടപ്പിക്കാനും സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു.
പിഴയടക്കുന്നതിന് കാലാവധി നീട്ടി നൽകാനാവില്ലെന്നും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ച് റേഷന്‍സാധനങ്ങള്‍ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിലാണ് ഇത്രയും അനര്‍ഹരെ കണ്ടെത്തിയത്. സർക്കാർ ജീവനക്കാർ, നാലുചക്ര വാഹന ഉടമകൾ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വീടുള്ളവർ അടക്കം നിരവധി പേരാണ് മാനദണ്ഡം തെറ്റിച്ച് ഗുണഭോക്തൃ റേഷൻ കാർഡുകൾ കൈപ്പറ്റിയത്.
അതേസമയം, ഒരു നിർവാഹമില്ലാത്തവർക്ക് ഇതുമൂലം പൊതുകാർഡ് ലഭിച്ചിട്ടുമുണ്ട്. ഭക്ഷണം അവകാശമായി പ്രഖ്യാപിച്ചതിനാൽ കേന്ദ്രസർക്കാർ അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുകൾക്ക് റേഷൻ ഈ മാസം മുതൽ സൗജന്യമായാണ് നൽകുന്നത്.
അതേസമയം, ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗര്‍, പുതുക്കാട്, ആമ്പല്ലൂര്‍ എന്നിവിടങ്ങളിലെ 75ല്‍ കൂടുതല്‍ വീടുകളിൽ നടത്തിയ പരിശോധനയിൽ 32 റേഷന്‍കാര്‍ഡുടമകള്‍ക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നല്കി. മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ രതീഷ്, സജീവ്കുമാര്‍, എന്‍.എ. സുനില്‍രാജ്, എബി, ലിജ എന്‍. പിള്ള, രാജി, ഇന്ദു എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്കില്‍ പ രിശോധനകള്‍ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.