ഓപറേഷൻ യെല്ലോ: 651 മുൻഗണന കാർഡുകൾ പിടികൂടി
text_fieldsതൃശൂർ: അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശംവെക്കുന്നവരെ കണ്ടെത്താൻ ഭക്ഷ്യ -പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച 'ഓപറേഷന്‍ യെല്ലോ' വഴി ജില്ലയില്‍നിന്ന് പിടികൂടിയത് 651 മുന്‍ഗണന കാര്‍ഡുകള്‍. ഇവരില്‍നിന്ന് 25,77,411 രൂപ പിഴ ഈടാക്കി.
സെപ്റ്റംബര്‍ 18 മുതല്‍ ജില്ലയിലെ ഏഴ് താലൂക്കുകളില്‍നിന്ന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്‍ഗണന കാര്‍ഡുകള്‍ പിടികൂടിയത്.
ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ പിടികൂടിയത് ചാലക്കുടി താലൂക്കിലാണ് -172. തൃശൂര്‍ -124, തലപ്പിള്ളി -125, കുന്നംകുളം -89, ചാവക്കാട് -76, മുകുന്ദപുരം -44, കൊടുങ്ങല്ലൂര്‍ -21 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലെ കണക്ക്. പിടികൂടിയതില്‍ അന്ത്യോദയ അന്നയോജന മഞ്ഞ -38 കാർഡുകൾ, മുന്‍ഗണന വിഭാഗം പിങ്ക് -475, പൊതുവിഭാഗം സബ്‌സിഡി നീല -138 എന്നിങ്ങനെയാണുള്ളത്.
മുന്‍ഗണന കാര്‍ഡ് പിഴയില്ലാതെ തിരിച്ചേൽപിക്കാന്‍ 2021 ജൂലൈ വരെ അവസരം നല്‍കിയിരുന്നു. അതിനു ശേഷവും അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരില്‍നിന്നാണ് പിഴ ഈടാക്കിയത്.
അനര്‍ഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഓപറേഷന്‍ യെല്ലോ. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ അറിയിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറും 1967 എന്ന ടോള്‍ഫ്രീ നമ്പറും പൊതുവിതരണ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.