അമിതഭാരവുമായി ടിപ്പർ ലോറി; 29,500 രൂപ പിഴ
text_fieldsകാഞ്ഞാണി: അമിതമായി കരിങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറിക്കെതിരെ എം.വി.ഐ പിഴ ചുമത്തി കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശയും നൽകി. 29,500 രൂപയാണ് പിഴ അടക്കേണ്ടത്. വെള്ളിക്കുളങ്ങര സ്വദേശി വടക്കേടത്ത് സണ്ണി വർഗീസിന്റേതാണ് ലോറി.
അനുവദിച്ചതിൽ കൂടുതൽ ലോഡ് വാഹനത്തിൽ കയറ്റിയതിനാണ് കേസെടുത്തത്. ഡ്രൈവർ പാറോക്കാരൻ അജിത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എം.വി.ഐ ശിപാർശ ചെയ്തു. കാഞ്ഞാണി പെരുമ്പുഴ പാതയോരത്ത് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മേഖലയിൽ ടിപ്പർ ലോറികൾ കുറച്ച് ദിവസമായി പണിമുടക്കിലാണ്.
ഇതിനിടെയാണ് വാടാനപ്പള്ളിയിലേക്ക് കനോലി കനാലിന്റെ തീരത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരിങ്കല്ലുമായി ടിപ്പർ വരുന്നത്. സമരം ചെയ്യുന്ന മറ്റു ടിപ്പർ ലോറി ഡ്രൈവർമാരെ റോഡിൽ കണ്ടതോടെ ലോറി ഉപേക്ഷിച്ച് ഡ്രൈവർ സ്ഥലം വിട്ടതായി പറയുന്നു.
ഈ ലോറിക്ക് ജിയോളജി വകുപ്പിന്റെ പാസ് ഇല്ലെന്നും വാഹനത്തിൽ അമിതഭാരം കയറ്റിയിട്ടുണ്ടെന്നും സ്ഥലത്ത് തടിച്ചുകൂടിയ മറ്റു ടിപ്പർ ലോറി ഡ്രൈവർമാർ ആരോപിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് അന്തിക്കാട് എസ്.ഐ എ. ഹബീബിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്രയാറിൽനിന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ, എ.എം.വി.ഐ പി.എം. അസ്ഹർ മുഹമ്മദ് എന്നിവർ ലോറി സമീപത്തെ വെയ് ബ്രിഡ്ജിൽ കയറ്റി പരിശോധിച്ചപ്പോൾ അനുവദനീയമായതിൽനിന്ന് 13 ടൺ അധികം ലോഡ് വാഹനത്തിൽ ഉള്ളതായി കണ്ടെത്തി. തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.