പച്ചത്തുരുത്ത്; കൊറ്റമ്പത്തൂരിൽ പൂത്തുലഞ്ഞ് ഫലവൃക്ഷങ്ങൾ
text_fieldsവരവൂർ: മൂന്നുപേരുടെ മരണത്തിനിടയാക്കിയ 2020ലെ കൊറ്റമ്പത്തൂർ വനത്തിലെ കാട്ടുതീ ദുരന്തത്തിനുശേഷം എച്ച്.എൻ.എൽ കമ്പനിയിൽനിന്ന് വനം വകുപ്പ് ഏറ്റെടുത്ത 475 ഹെക്ടർ വനഭൂമിയിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി പ്രകാരമുള്ള നബാർഡ് പ്രോഗ്രാം അന്തിമഘട്ടത്തിൽ. 2020ൽ ആരംഭിച്ച പദ്ധതി ഈ വർഷത്തോടെ പൂർണമാകുകയാണ്.
നാല് ഘട്ടമായി നടപ്പാക്കിയ പദ്ധതിപ്രകാരം പേര, പ്ലാവ്, ഞാവൽ, നെല്ലി, ആഞ്ഞിലി ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളുടെ തെെകളാണ് ഈ സ്ഥലത്ത് നട്ടുപിടിപ്പിച്ചത്. നാട്ടുകാരുടെ വർഷങ്ങളായുള്ള പരാതിയായ ജലക്ഷാമവും വന്യ മൃഗശല്യവുമാണ് പദ്ധതി പൂർത്തിയാകുമ്പോൾ പരിഹരിക്കപ്പെടുന്നത്. അക്കേഷ്യയും യൂക്കാലിയും പോലുള്ള അധിനിവേശ വൃക്ഷങ്ങളെ ഉൻമൂലനം ചെയ്ത് സ്വാഭാവിക വനം എന്ന ലക്ഷ്യം കൈവരികയാണ് ഈ പദ്ധതിയിലൂടെ നടപ്പാകുന്നത്.
കൊറ്റമ്പത്തൂർ ദുരന്തത്തിന് ശേഷം വനം വകുപ്പ് ഏറ്റെടുത്ത ഈ സ്ഥലം വടക്കാഞ്ചേരി റേഞ്ചിന് കീഴിലുള്ള പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ്. ആദ്യഘട്ടമായി 2020ൽ 10 ഹെക്ടർ സ്ഥലത്ത് നട്ടുപിടിപ്പിച്ച പേരയും എല്ലാം പുഷ്പിച്ച് ഫലം കണ്ടു തുടങ്ങി. നമ്പാർഡിന്റെ പദ്ധതിയിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് ജലലഭ്യത വർധിപ്പിക്കാനായി കുളങ്ങൾ, ഗള്ളികൾ, ചെക്ക് ഡാമുകൾ എന്നിവ നിർമിച്ചിട്ടുണ്ട്.
പ്രദേശത്തെ ഭൂഗർഭ ജലവിധാനം ഉയർത്താനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ ഫലം കെ.എഫ്.ആർ.ഐയുടെ നേതൃത്വത്തിൽ ഒരു ടീം പരിശോധന നടത്തുന്നുണ്ട്. പൂങ്ങോട് സ്റ്റേഷൻ പരിധിയിൽ 2020 മുതൽ നാല് ഘട്ടങ്ങളിലായി 20 കോടിയുടെ എക്കോ റെസ്റ്റോറേഷൻ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.