നിറം മങ്ങി നാട്ടികയുടെ നെല്ലറപ്പെരുമ
text_fieldsചെന്ത്രാപ്പിന്നി: നാട്ടികയുടെ നെല്ലറയെന്ന വിശേഷണം ഇപ്പോൾ എടത്തിരുത്തിക്ക് അന്യമാവുകയാണ്. പുഞ്ചയും വട്ടനും മുണ്ടകനുമായി തീരദേശത്തിന്റെ നെല്ലറകള്‍ നിറച്ചിരുന്ന എടത്തിരുത്തിയിലെ നെല്വയലുകളിലിപ്പോള് വിളയുന്നത് ചേക്കപ്പുല്ലുകള് മാത്രം. ഭൂപ്രദേശത്തിന്റെ പകുതിയോളവും നെല്‍വയലുകളായിരുന്ന എടത്തിരുത്തി പഞ്ചായത്തിലെ പാടശേഖരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മണ്ണിനെ സ്നേഹിക്കുന്നവരുടെ കണ്ണ് നനക്കും. ഭൂപരിഷ്കരണ നിയമം വന്ന ശേഷം വ്യാപകമായി വയലുകള്‍ നികത്തി നാളികേര കൃഷിയിലേക്കും കെട്ടിട നിർമാണങ്ങളിലേക്കും മാറിയതോടെയാണ് നാട്ടികയുടെ നെല്ലറപ്പെരുമക്ക് നിറം മങ്ങിത്തുടങ്ങിയത്.
2000 ഏക്കറോളം നെല്‍വയലുകളായിരുന്ന ഇവിടെ ശേഷിക്കുന്നതില്‍ 300 ഏക്കറോളം മാത്രമാണ് നെല്‍കൃഷിക്ക് അനുയോജ്യമായതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ എടത്തിരുത്തി കുട്ടമംഗലത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിന്റേതുൾപ്പെടെ 65 ഏക്കറില്‍ മാത്രമാണ് ഒരു പൂകൃഷിയെങ്കിലും നടക്കുന്നത്. വിത്തുൽപാദന കേന്ദ്രത്തിൽ 25 ഏക്കറിലാണ് ഇടവിളകൾ ഉൾപ്പെടെ കൃഷിയിറക്കുന്നത്. വിളവെടുത്ത പച്ചക്കറികൾ ഉൾപ്പെടെയുള്ളവ പ്രാദേശികമായി ഇവിടെ വിറ്റഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെയും കൃഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശേഷിക്കുന്ന നിലങ്ങളെല്ലാം തരിശായി കിടക്കുകയാണ്. പൈനൂര്‍, എടത്തിരുത്തി, മാണിയംതാഴം എന്നീ പാടശേഖര സമിതികളാണ് പരമ്പരാഗതമായി കൃഷിയിറക്കാറുള്ളത്. ഇതിൽ മാണിയംതാഴം, പൈനൂർ പാടശേഖര സമിതികളിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ശാസ്ത്രീയ രീതിയില്‍ ജലസേചന സൗകര്യം നടപ്പാക്കുന്നതിലുള്ള പരാജയമാണ് നിലവിലെ അവസ്ഥക്ക് കാരണമാകുന്നതെന്ന് പരിഷത്തിന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൈനൂരില്‍ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച പമ്പ് ഹൗസും സീഡ് ഫാമിനുവേണ്ടി മാത്രം പ്രവര്‍ത്തിപ്പിക്കുന്ന പമ്പ് ഹൗസുമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇവയുടെ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്നാണ് കര്‍ഷകരുടെ പരാതി. മാണിയംതാഴം പാടത്തിനു കിഴക്ക് മാലോട് തോട്ടിലുള്ള പമ്പ് ഹൗസില്‍ മോട്ടോര്‍ ഉണ്ടെങ്കിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ വര്‍ഷങ്ങളായി നിശ്ചലമാണ്. മാണിയംതാഴത്തിന്റെ പടിഞ്ഞാറെക്കരയില്‍ 20 വര്‍ഷം മുമ്പ് സ്ഥാപിച്ച രണ്ട് കുഴല്‍കിണറും അനുബന്ധ ചാലും വൈദ്യുതി ലഭിക്കാത്തതിനാല്‍ ഇതുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല.
വേനലിൽ കനോലി കനാലില്‍നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള സംവിധാനങ്ങളും പേരിനു മാത്രമായി ചുരുങ്ങി. പമ്പ് ഹൗസുകളില്‍ കൃത്യമായി വൈദ്യുതിയെത്തിക്കുകയും ആവശ്യത്തിന് തടയണകൾ ഒരുക്കുകയും ചെയ്താല്‍ സുഗമമായി ജലസേചനം നടത്താന്‍ കഴിയുമെന്ന വിശ്വാസം കർഷകർക്കുണ്ട്. വയലുകള്‍ ജലസംഭരണികളായി മാറുന്നതോടെ മേഖലയിലെ ജലമലിനീകരണവും തടയാനാകുമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് എടത്തിരുത്തി യൂനിറ്റ് സെക്രട്ടറി കെ.പി. പത്മജയുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.