പടിയൂരിലെ യുവതിക്ക് ദുബൈയിൽ പീഡനം; ലുക്കൗട്ട് നോട്ടീസ് ഇറക്കും
text_fieldsപടിയൂർ: വിവാഹ വാഗ്ദാനം നൽകി വിദേശത്തുവെച്ച് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് എസ്.ഐ കെ. ദിനേശൻ അറിയിച്ചു. ഉത്തർപ്രദേശ് ബറേലി സ്വദേശി നദീം ഖാനെതിരെയാണു (25) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
ഇയാൾ വീണ്ടും വിദേശത്തേക്ക് കടക്കുന്നത് തടയാനാണിത്. ഇതിനായി പ്രതിയുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു. ദുബൈയിൽ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന 35 കാരി കമ്പനി മാനേജറുടെ ബന്ധുവായ നദീം ഖാനുമായി സൗഹൃദത്തിലായിരുന്നു. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
യുവതി ഗർഭിണിയായതോടെ നദീം ഖാൻ നാട്ടിലേക്ക് കടന്നു. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതി പിന്നീട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ കഴിഞ്ഞ മാസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി.
ഏഴാം മാസം പ്രസവിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഡി.എൻ.എ പരിശോധനക്കായി യുവതിയുടെയും കുഞ്ഞിന്റെയും രക്തസാമ്പ്ളുകൾ പൊലീസ് ശേഖരിച്ച് കണ്ണൂർ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.