ആറങ്ങോട്ടുകരയുടെ അക്ഷര സ്നേഹിക്ക് പത്മശ്രീ: ആഹ്ലാദമൊഴിയാതെ നാട്
text_fieldsചെറുതുരുത്തി: ദേശമംഗലം ആറങ്ങോട്ടുകരയുടെ അക്കാദമിക് മികവായ മുണ്ടയൂർ മനയിൽ സത്യനാരായണൻ നമ്പൂതിരി പത്മശ്രീ പുരസ്കാര ജേതാവായതിെൻറ ആഹ്ലാദം ഒഴിയാതെ നാട്. അക്കാദമിക് മേഖലയോടൊപ്പം സാമൂഹിക സേവന രംഗത്തും നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനമാണ് സത്യനാരായണെൻറ നേട്ടത്തിന് പിറകിലെന്ന് നാട് സാക്ഷ്യപ്പെടുത്തുന്നു.
ജന്മം കൊണ്ട് ആറങ്ങോട്ടുകരകാരനാണെങ്കിലും കർമമേഖല അരുണാചൽ പ്രദേശാണ്. എങ്കിലും നാടുമായി അടുത്ത ബന്ധമുണ്ട് ഇദ്ദേഹത്തിന്. അരുണാചലിലെ പിന്നാക്ക വിദ്യാർഥികളുടെ ഉന്നമനത്തിനായുള്ള അക്ഷീണ പോരാട്ടമാണ് സത്യനാരായണനെ രാജ്യത്തിെൻറ പരമോന്നത പുരസ്കാരത്തിന് അർഹനാക്കിയത്.
അരുണാചലിലെ ഗ്രാമങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും, ഇതിലൂടെ വിദ്യാർഥികളിൽ പൊതു അവബോധം ഉണ്ടാക്കിയെടുക്കുന്നതിനും അക്ഷീണം പ്രവർത്തിച്ചു. ആ മികവ് തുടരുകയും ചെയ്യുന്നു. ദേശമംഗലം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ബി.എസ്.സി കെമിസ്ട്രിയിൽ ബിരുദവും, എം.എ ലിംഗ്വിസ്റ്റിക് ബിരുദവും പൂർത്തിയാക്കി. ജേണലിസവും പഠിച്ചു. ഇൻകംടാക്സ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
അധ്യാപനത്തോടുള്ള അമിത പ്രണയംമൂലം ജോലി ഉപേക്ഷിച്ച് അരുണാചലിലേക്ക് വണ്ടി കയറി. ഇവിടെ വിവേകാനന്ദ കേന്ദ്രവിദ്യാലയത്തിൽ അധ്യാപകനായാണ് തുടക്കം. ഇതിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്നു. പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ സത്യനാരായണൻ ജന്മനാട്ടിലേക്ക് വരുമ്പോൾ ഉജ്ജ്വല സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് ദേശമംഗലത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.