പാലപ്പിള്ളിയിൽ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം
text_fieldsആമ്പല്ലൂർ: പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ആളുകൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. റബർ തോട്ടത്തിൽ നിന്നിരുന്ന ആനക്കുട്ടികൾ ഉൾപ്പടെ 20 ഓളം ആനകളാണ് റോഡിൽ ഇറങ്ങിയത്. തോട്ടത്തിൽ ആനകളെ കണ്ടതോടെ ചിമ്മിനി ഡാമിലേക്കെത്തിയ വിനോദസഞ്ചാരികൾ ചിത്രം പകർത്താൻ റോഡിൽ നിൽക്കുകയായിരുന്നു. തോട്ടത്തിൽ നിന്ന് റോഡിലിറങ്ങി നിലയുറപ്പിച്ച ആനക്കൂട്ടത്തെ കണ്ടിട്ടും ആളുകൾ മാറാതെ നിന്നു.
ഇതിനിടെ ചില വാഹനങ്ങൾ ഹോൺ മുഴക്കിയതോടെയാണ് റോഡിന്റെ വശത്തുനിന്നിരുന്ന ആനകൾ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തത്. ഈ സമയത്ത് നിരവധി യാത്രക്കാരാണ് റോഡിലുണ്ടായിരുന്നത്. ഞായറാഴ്ച ആയതിനാൽ വിനോദസഞ്ചാരികളായിരുന്നു ഏറെയും.
സ്ഥിരമായി ആനകൾ ഇറങ്ങുന്ന പ്രദേശമാണ് പിള്ളത്തോട് പരിസരം. ആനകളുടെ ചിത്രങ്ങൾ പകർത്തുകയോ ആനകളെ പ്രകോപിപ്പിക്കുന്ന തരത്തിൽ വാഹനങ്ങളുടെ ഹോൺ മുഴക്കുകയോ ചെയ്യരുതെന്ന് വനപാലകർ നിർദേശിക്കുന്നുണ്ടെങ്കിലും അവയൊന്നും പല യാത്രക്കാരും പാലിക്കാറില്ല. തോട്ടങ്ങളിൽ നിലയുറപ്പിക്കുന്ന ആനകൾ ഏതുസമയത്തും റോഡിലേക്കിറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.
അതേസമയം, പകൽ സമയങ്ങളിൽ ആനക്കൂട്ടം റോഡിലിറങ്ങി ഭീതി പരത്തുന്നത് തടയാൻ വനപാലകരുടെ ഭാഗത്തുനിന്ന് പട്രോളിങ് ഉൾപ്പടെയുള്ള മുൻകരുതലുകൾ എടുക്കണമെന്നും യാത്രക്കാർക്ക് സുഗമസഞ്ചാരം ഒരുക്കണമെന്നുമുള്ള ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.