പാലിയേക്കര ടോൾ: തദ്ദേശീയർക്ക് ഏർപ്പെടുത്തിയ പാസ് നിയന്ത്രണം ഒഴിവാക്കി
text_fieldsആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു വീട്ടിൽനിന്ന് ഒരു വാഹനം എന്ന നിയന്ത്രണമില്ലാതെ എല്ലാവർക്കും സൗജന്യമായി കടന്നു പോകാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഒന്നിൽ കൂടുതൽ വാഹനമുണ്ട് എന്ന പേരിൽ ആർക്കും പാസ് നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയിലെ തദ്ദേശീയരുടെ യാത്രപാസ് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ വാഹനങ്ങൾ, തദ്ദേശ സ്ഥാപന വാഹനങ്ങൾ എന്നിവ കടന്നു പോകുമ്പോൾ അവരോട് മാന്യമായി പെരുമാറണമെന്നും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറൽ കമ്പനിക്ക് മന്ത്രി നിർദേശം നൽകി. അപമര്യാദയായി പെരുമാറിയ സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണം. ദേശീയപാത അതോറിറ്റി അധികൃതർ നൽകിയ നിർദേശങ്ങളിൽ അവ്യക്തതയുണ്ടെങ്കിൽ അത് ടോൾ പിരിക്കുന്ന കരാർ കമ്പനിക്ക് കലക്ടറോട് എഴുതി ചോദിക്കാമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നിർദേശങ്ങൾ കരാർ കമ്പനി അംഗീകരിച്ചു. ദേശീയപാതയിലെ സർവിസ് റോഡ് പലയിടത്തും പൂർത്തിയാവാത്തതും ഡ്രൈനേജ്, സ്ട്രീറ്റ് ലൈറ്റ്, വെള്ളക്കെട്ട് പ്രശ്നങ്ങളും യോഗത്തിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സമീപത്തുകൂടി ഒഴുകുന്ന പുഴ മലിനമാകുന്ന കാര്യവും മന്ത്രിയെ അറിയിച്ചു. മാലിന്യങ്ങൾ തള്ളുന്നത് തടയാൻ പഞ്ചായത്തുകൾക്ക് വേലികൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകണമെന്ന് മന്ത്രി നിർദേശിച്ചു.
കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ടോൾ പ്ലാസ പാസുമായി ബന്ധപ്പെട്ട തദ്ദേശീയരുടെ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ടോൾ പ്ലാസയിലെ ഉദ്യോഗസ്ഥരുടെ അപമര്യാദയായുള്ള പെരുമാറ്റങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ് ഉന്നയിച്ചു.
കലക്ടർ ഹരിത വി. കുമാർ, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ ഐ.ജെ. മധുസൂദനൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിൻസ്, അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, എൻ.എച്ച്.എ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.