പാലിയേക്കര ടോള്‍പ്ലാസ സൗജന്യ പാസ്: നെന്മണിക്കര, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ക്ക് താമസരേഖയില്‍ ഇളവ്
text_fieldsആമ്പല്ലൂര്‍: പാലിയേക്കര ടോള്‍പ്ലാസയിൽനിന്ന് സൗജന്യ പാസ് ലഭ്യമാകാൻ നെന്മണിക്കര, അളഗപ്പനഗര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് താമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ടോള്‍ പ്ലാസയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരു പഞ്ചായത്തുകളും ഇക്കാര്യം ചൂണ്ടിക്കാട്ടി ടോള്‍ കമ്പനിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണിത്. വാഹന ഉടമകള്‍ അപേക്ഷയോടൊപ്പം താമസരേഖക്കു പകരം ഏതെങ്കിലും രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.
നിലവില്‍ യാത്രാ സൗജന്യം ലഭിക്കുന്ന മറ്റു പഞ്ചായത്തുകളുടെ കാര്യത്തില്‍ താമസരേഖ സംബന്ധിച്ച് തീരുമാനമായിട്ടില്ല. തൃശൂര്‍ കോര്പ്പറേഷൻ ഡിവിഷനുകളും പുത്തൂര്‍, നടത്തറ, വരന്തരപ്പിള്ളി, പുതുക്കാട്, വല്ലച്ചിറ, പറപ്പൂക്കര, ചേര്‍പ്പ്, അവിണിശ്ശേരി പഞ്ചായത്ത് പരിധികളിലും പത്ത് കിലോമീറ്റര്‍ യാത്രാ സൗജന്യം ലഭിച്ചു വരുന്നുണ്ട്.
എന്നാല്‍, ഈ തദ്ദേശ സ്ഥാപനങ്ങള്‍ പൊതുവായ ഭരണസമിതി തീരുമാനമോ കത്തോ സമർപ്പിച്ചിട്ടില്ല. താമസരേഖക്ക് പകരമായി ആധാര്‍ കാര്‍ഡോ വൈദ്യുതി, കുടിവെള്ള, ടെലിഫോണ്‍ ബില്ലുകളിലൊന്നോ കെട്ടിട നികുതി രശീതോ ഹാജരാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ യാത്രാസൗജന്യം അനുവദിക്കാനാവില്ലെന്നായിരുന്നു ടോള്‍ കമ്പനിയുടെ നിലപാട്. അതേസമയം, രണ്ടു പഞ്ചായത്തുകള്‍ നല്കിയ കത്ത് കമ്പനി അംഗീകരിച്ച സാഹചര്യത്തില്‍ മറ്റു പഞ്ചായത്തുകളും ഈ മാതൃക പിന്തുടരാനിടയുണ്ട്.
ഇളവ് വേണമെന്ന് തൃക്കൂർ പഞ്ചായത്ത്
പാലിയേക്കര ടോള്‍പ്ലാസയിലെ തദ്ദേശീയര്‍ക്കുള്ള സൗജന്യ പാസ് എടുക്കുന്നതിനും പുതുക്കുന്നതിനും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ തൃക്കൂര് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് ഇളവ് നല്‍കണമെന്ന് പഞ്ചായത്ത്. പഞ്ചായത്ത് ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതര്‍ ടോള്‍ കമ്പനിക്ക് കത്തു നല്കി.
നെന്മണിക്കര, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് ടോള്‍ കമ്പനിക്ക് കത്തു നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ ഇരു പഞ്ചായത്തുകളിലേയും താമസക്കാര്‍ക്ക് താമസരേഖ ഹാജരാക്കുന്നതില്‍ ഇളവ് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.