പാണഞ്ചേരി റോഡ് നിർമാണം;ഫയൽ കാണാനില്ല, കൂട്ടത്തിൽ എൻജിനീയറെയും കരാറുകാരനെയും
text_fieldsതൃശൂർ: ജില്ലയിലെ പാണഞ്ചേരി പഞ്ചായത്ത് 23ാം വാർഡിലെ ചിറക്കാക്കോട് പുളിഞ്ചോട് പീച്ചി വലതുകര കനാൽ റോഡിന്റെ നിർമാണം വിവാദത്തിൽ. ഒറ്റനോട്ടത്തിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് പണിതത് എന്ന് വ്യക്തമാണ്. എന്നാൽ, പരാതിയിൽ റോഡ് നിർമാണം നടത്തിയത് ആരെന്ന് അറിയില്ലെന്നാണ് ജില്ല പഞ്ചായത്ത് പറയുന്നത്.
വിവരാവകാശം നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ റോഡ് നിർമാണത്തിന്റെ ഉത്തരവാദിത്വമുള്ള എൻജിനീയറെയും കരാറുകാരനെയും കരാർ ഫയൽ രേഖകളും കണ്ടെത്താൻ കഴിഞ്ഞില്ല. കരാർ പ്രകാരം റോഡ് നിർമാണം നടത്തി ഉറപ്പാക്കേണ്ട എൻജിനീയുടെ പേരും ഉദ്യോഗസ്ഥ തസ്തികയും പേരും കരാർ രേഖകളും ആവശ്യപ്പെട്ട് നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് ജില്ല പഞ്ചായത്തിന് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
ഇവിടെ രേഖകളും വിവരങ്ങളും ലഭ്യമല്ലെന്നറിയിച്ച് വിവരങ്ങൾ ലഭിക്കാൻ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ കൈമാറി. അവിടെയും രേഖകൾ ലഭ്യമല്ല എന്നറിയിച്ച് സെക്രട്ടറി ഗ്രാമ പഞ്ചായത്ത് എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ അസിസ്റ്റന്റ് എൻജിനീയർക്ക് അപേക്ഷ കൈമാറി. അവിടെയും രേഖകൾ ലഭ്യമല്ല അറിയിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യത്തിലേക്ക് അയച്ചു. അപേക്ഷപ്രകാരം ബ്ലോക്ക് പഞ്ചായത്ത് യാതൊരു നിർമാണ പ്രവർത്തിയും നടത്തിയിട്ടില്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചത്.
ശാസ്ത്രീയ പരിശോധനയും അന്വേഷണവും നടത്തി റോഡിന്റെ ഉറപ്പും ഗുണനിലവാരം വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ജില്ല വിജിലൻസ് കമ്മിറ്റി ചെയർമാനായ ജില്ല കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ സ്വീകരിച്ച വിവരങ്ങളും രേഖകളും ആവശ്യപ്പെട്ട് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പരാതി അന്വേഷണത്തിനായി ജില്ല വിജിലൻസ് കമ്മിറ്റി കൺവീനറായ തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിക്ക് ലഭിച്ചില്ലെന്ന് വിജിലൻസിൽ നിന്ന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
പഞ്ചായത്ത് അറിയാതെ ഒരുനിർമാണ പ്രവൃത്തിയും നടക്കാൻ സാധ്യതയില്ലെന്നിരിക്കെ റോഡ് നിർമിച്ച ഉത്തരവാദപ്പെട്ടവരെ കണ്ടെത്താൻ കഴിയാത്തത് ഗുരുതര കെടുകാര്യസ്ഥതയായാണെന്ന് പരാതിക്കാരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.