18 വർഷമായിട്ടും പഞ്ചായത്ത് സ്ഥലം ഒഴിവാക്കി നൽകിയില്ല; അഞ്ച് സെന്റിൽ വീട് വെക്കാനാകാതെ സന്തോഷിന്റെ കുടുംബം
text_fieldsപഴയന്നൂർ: സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്ത് ഒരു വീടുവെക്കാൻ തെക്കേത്തറ പുത്തൻവീട്ടിൽ സന്തോഷ് പഞ്ചായത്തിന്റ കരുണ തേടി അലയാൻ തുടങ്ങിയിട്ട് 18 വർഷം. റോഡിൽ സ്ഥാപിക്കാനുള്ള പൊതു ടാപ്പിനു വേണ്ടി അമ്പതോളം കോൺക്രീറ്റ് പൈപ്പ് കുറ്റികൾ ഒരു മാസത്തേക്ക് സന്തോഷിന്റെ സ്ഥലത്ത് സൂക്ഷിക്കാൻ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ട പ്രകാരം അനുമതി നൽകിയിരുന്നു.
അന്ന് കോൺക്രീറ്റ് കുറ്റികൾ വെച്ച് പോയവരെ പിന്നീട് 18 വർഷമായിട്ടും ആ വഴി കണ്ടിട്ടേയില്ല. മാറി മാറി വരുന്ന ഭരണസമിതി മുമ്പാകെ നിരവധി തവണ സന്തോഷ് പരാതി നൽകിയിട്ടും നടപടിയില്ല. വീട് വെക്കേണ്ട സ്ഥലത്ത് കോൺക്രീറ്റ് പൈപ്പ് കുറ്റികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ കാലുകുത്താൻ പോലും പറ്റില്ല. ഇപ്പോൾ കാടുമൂടി കിടക്കുകയാണ്.
തൊട്ടടുത്തുള്ള സന്തോഷും കുടുംബവും ഇപ്പോൾ താമസിക്കുന്ന ഒറ്റമുറി വീട് ഏതു നിമിഷവും നിലംപൊത്തും. കഴിഞ്ഞ മഴക്കാലത്ത് ഭീതിയോടെയാണ് കുടുംബം കഴിഞ്ഞത്. ഇപ്പോൾ വീണ്ടും പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ കോൺക്രീറ്റ് കുറ്റികൾ മാറ്റിയിടാനുള്ള സ്ഥലമൊന്നും പഞ്ചായത്ത് അധീനതയിലില്ല എവിടെയെങ്കിലും സ്ഥലം ഒഴിവായാൽ അറിയിക്കാമെന്ന വെറും വാക്കാണ് ബന്ധപ്പെട്ടവർ പറഞ്ഞത്.
പഞ്ചായത്തിനെ ഒരുമാസത്തേക്ക് സഹായിച്ചപ്പോൾ കഥയിൽ പറയുന്ന പോലെ ഒട്ടകത്തിന് തലവെക്കാൻ അനുവാദം നൽകിയ ആളുടെ അവസ്ഥയാകുമെന്ന് സന്തോഷും കുടുംബവും കരുതിയിരിക്കില്ല. തന്നോട് ഇനിയും ക്രൂരത തുടർന്നാൽ ഞാനും കുടുംബവും പഞ്ചായത്തിന് മുന്നിൽ ആത്മഹത്യ ചെയ്യുക അല്ലാതെ മറ്റ് വഴിയില്ലെന്നാണ് സന്തോഷ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.