സ്വർണക്കൊടിമര പ്രഭയിൽ പാറമേക്കാവ്; ആദ്യ ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും
text_fieldsതൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിന് ഇനി സ്വർണക്കൊടിമരത്തിന്റെ പ്രൗഢി. ഭക്തി- ഉത്സവ നിറവിൽ സ്വർണക്കൊടിമരത്തിന്റെ പ്രതിഷ്ഠ നടന്നു. ക്ഷേത്രത്തിലെ ആദ്യ ഉത്സവത്തിന് പുതിയ കൊടിമരത്തിൽ വ്യാഴാഴ്ച കൊടിയേറ്റും. ഉത്സവ ദിനം വരെ എട്ട് ദിവസം മേളത്തോടെയും സാംസ്കാരിക പരിപാടികളോടെയും ആഘോഷിക്കും. 17ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.
കേരളത്തിൽ ഭഗവതി ക്ഷേത്രത്തിൽ വേലയും പൂരവും ഉത്സവവും ആഘോഷിക്കുന്ന ഏക ക്ഷേത്രമായി പാറമേക്കാവ് മാറും. തിങ്കളാഴ്ച അശ്വതി നക്ഷത്രത്തിൽ പാദം മീനം ലഗ്നത്തിൽ രാവിലെ 10നും 10.40നും ഇടയിലായിരുന്നു ധ്വജവാഹന പ്രതിഷ്ഠ. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ദേവസ്വം ഭാരവാഹികൾക്കും കുറച്ച് ഭക്തർക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമികനായും ആചാര്യൻ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട് സദസ്യനായും വേതാളവാഹനത്തെ ശയ്യയിൽ നിന്നും അധിവാസം വിടർത്തി പൂജിച്ച് പാണികൊട്ടി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ധ്വജാധിവാസം കഴിഞ്ഞ് ധ്വജത്തെ കാണിച്ച ശേഷം ദേവതക്ക് ദർശനം കഴിച്ചു.
തൃപുടകൊട്ടി സകലവാദ്യത്തോടെ പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം വാഹന പ്രതിഷ്ഠ നടത്തി. കലശാഭിഷേകം ചെയ്ത് ധ്വജത്തിന്റെ പരിപാലകരായ അഷ്ടദിക് പാലകന്മാർക്കും കലശമാടി ധ്വജമുയർത്തി. ഉച്ചപൂജ കഴിച്ച് കലശത്തിന് ശേഷം ശീവേലി നടന്നു. ധ്വജപ്രതിഷ്ഠയാരംഭിച്ചതോടെ ക്ഷേത്രത്തിൽ നിത്യശീവേലിക്കും തുടക്കമായി. ചടങ്ങുകൾക്ക് മേൽശാന്തി കരികന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരി തുടങ്ങിയവരും സഹ കാർമികരായി. ആറര കോടി ചെലവിട്ട കൊടിമരത്തിൽ പത്തര കിലോ തങ്കമാണ് ഉപയോഗിച്ചിരിക്കുന്നത്. ശിൽപി അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ ബാലകൃഷ്ണൻ ആചാരിയും സംഘവുമാണ് തങ്കം പൊതിഞ്ഞത്.
വ്യാഴാഴ്ച ദീപാരാധനക്ക് ശേഷമാണ് ഉത്സവത്തിന് കൊടിയേറുക. കുംഭത്തിലെ പൂരം നക്ഷത്രം സന്ധ്യക്ക് വരുന്ന ദിവസം ആറാട്ട് പ്രധാനമാക്കിയാണ് ഉത്സവം. 10ന് കൊടിയേറ്റ് നാളിൽ അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയും ചേറൂർ രാജപ്പൻ മാരാരുടെ പ്രാമാണത്തിൽ പഞ്ചാരി മേളവും നടക്കും. 11ന് രാവിലെ ശീവേലിക്ക് ശേഷം പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ചെമ്പടമേളവും രാത്രി 8.15ന് പനമണ്ണ ശശി, മട്ടന്നൂർ ശ്രീരാജ് ഏലൂർ അരുൺദേവ് വാര്യർ, തിരുവില്വാമല ശ്രീജിത്ത് എന്നിവർ അണിനിരക്കുന്ന ഡബ്ൾ കേളിയും അവതരിപ്പിക്കും.
ഫെബ്രുവരി 16ന് പള്ളിവേട്ട നാളിൽ രാവിലെ എട്ടിന് 10 നാഴിക പഞ്ചാരി മേളത്തിനും രാത്രി 8.30നുള്ള പാണ്ടിമേളത്തിനും പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും. 17ന് ആറാട്ട് നാളിൽ രാവിലെ ശീവേലിക്ക് ശേഷം കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും ഉച്ചകഴിഞ്ഞ് നാലിന് ഏഴ് ആനപ്പുറത്ത് എഴുന്നള്ളിപ്പും രാത്രി 7.30ന് പരക്കാട് തങ്കപ്പൻ മാരാർ, കുനിശേരി ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന പഞ്ചവാദ്യവും ഉണ്ടാവും. ആദ്യമായാണ് ഒരേ ദേവതക്ക് മുന്നിൽ വേലയും പൂരവും ഉത്സവവും ആഘോഷിക്കുന്നത്. ജില്ല ഭരണകൂടം നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുകയെന്ന് പ്രസിഡന്റ് കെ. സതീഷ് മേനോനും സെക്രട്ടറി ജി. രാജേഷും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.