പറപ്പൂക്കരയിലെ മാലിന്യക്കൂനകൾ ‘സ്നേഹാരാമ’ങ്ങളാക്കുന്നു
text_fieldsആമ്പല്ലൂർ: പറപ്പൂക്കര പഞ്ചായത്തിൽ മാലിന്യം നിക്ഷേപിച്ചിരുന്നയിടങ്ങൾ സ്നേഹാരാമങ്ങളാക്കി മാറ്റുന്നു. നന്തിക്കര സെന്ററിൽ ദേശീയ പാതയോരത്താണ് നന്തിക്കര വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ 25 കേന്ദ്രങ്ങളിൽ ജനുവരി ഒന്നിനു മുമ്പ് സ്നേഹാരാമങ്ങൾ ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സ്നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. നന്ദിനി സതീശൻ, പഞ്ചായത്ത് അസി. സെക്രട്ടറി വി.വി. പ്രതീഷ്, അജിഷ ബിനു, അധ്യാപകരായ ലിജി ജോസഫ്, പി. ഗിരിജൻ എന്നിവർ സംസാരിച്ചു. മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷനൽ സർവിസ് സ്കീമിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്തമാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.