ഓൺലൈൻ പഠനം: രക്ഷിതാക്കൾ ആശങ്കയിൽ
text_fieldsതൃശൂർ: ഓൺലൈൻ ക്ലാസുകൾ വീണ്ടും തുടങ്ങിയ പശ്ചാത്തലത്തിൽ രക്ഷിതാക്കൾ ആശങ്കയിൽ. നേരത്തെ മാസങ്ങളോളം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് പിന്നാലെ കുട്ടികൾ മൊബൈൽ മാനിയക്ക് അടിമപ്പെട്ടിരുന്നു.
അധിക സമയവും കുട്ടികൾ മൊബൈൽ കൊണ്ടുനടക്കുകയും പിന്നീട് അതിൽ തന്നെ മുഴുകുകയും ചെയ്യുന്ന പ്രവണതയുണ്ടായിരുന്നു. നവംബറിൽ ക്ലാസുകൾ തുടങ്ങിയതിന് പിന്നാലെ സ്കൂളിൽ പോകാൻ മടി ബാധിച്ച കുട്ടികൾ പോലും ഉണ്ടായിരുന്നു. ഓൺലൈൻ ഗെയിമുകളിൽ അടക്കം കുടുങ്ങി ഏറെ പണം പോയ രക്ഷിതാക്കളും കൂട്ടത്തിലുണ്ട്.
ഇരിങ്ങാലക്കുടയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കുട്ടിയുടെ ജീവൻ അപഹരിക്കപ്പെടുകയുമുണ്ടായി. അതിനാൽ ജില്ലയിലെ ക്ലാസ് പി.ടി.എ യോഗത്തിൽ ഭൂരിഭാഗം മാതാപിതാക്കളും ഓൺലൈൻ ക്ലാസുകളിലെ ആശങ്ക പങ്കിടുകയാണ്. ലോക്ഡൗൺ കാലത്ത് സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും അടിമകളായ വിദ്യാർഥികൾ കൂടി വരികയാണെന്നായിരുന്നു യോഗത്തിലെ പൊതു അഭിപ്രായം. കോവിഡിന്റെ മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം വീണ്ടും ആരംഭിച്ച സാഹചര്യത്തിൽ കുട്ടികളുടെ ഹാജർ പരിശോധനയാണ് ഇതിനുള്ള പോംവഴി.
ഇടക്കിടെ അധ്യാപകർ കുട്ടികളുടെ പേരു വിളിച്ചുള്ള ചോദ്യം ചോദിക്കലും ഇതര പരിശോധനയും രക്ഷിതാക്കളുമായുള്ള ആശയസംവാദവുമാണ് ഇക്കാര്യത്തിൽ ചെയ്യാനാവുന്ന കാര്യങ്ങൾ. എന്നാൽ, നിരന്തര മൂല്യനിർണയം അടക്കം കാര്യങ്ങൾ സാധ്യമാവാത്ത സാഹചര്യത്തിൽ എൽ.പി, യു.പി, വിദ്യാർഥികൾക്കും ജി സ്യൂട്ട് പ്ലാറ്റ്ഫോമുകൾ വഴി പഠന മാധ്യമം ഒരുക്കാൻ അധികൃതർ ശ്രമിക്കുകയാണ്.
ക്ലാസിൽ അനുവാദമില്ലാതെ പ്രവേശിക്കുകയോ പുറത്തുപോവുകയോ ചെയ്യുന്നത് നിരീക്ഷിക്കാൻ കഴിയുമെന്നതാണ് ജി സ്യൂട്ടിന്റെ സവിശേഷത. അനുമതിയില്ലാതെ മറ്റുള്ളവർക്ക് നുഴഞ്ഞു കയറാനുമാവില്ല. ഓൺലൈൻ ക്ലാസുകളുടെ വിരസതയും ഇതിലൂടെ ഇല്ലാതാക്കാം. അതിലൂടെ കുട്ടികൾ മൊബൈലിൽ ഇതര സംഗതികൾ തിരഞ്ഞുപോവില്ലെന്ന ആശയമാണ് അധികൃതർ പങ്കുവെക്കുന്നത്.
ഗൂഗിൾ മീറ്റ്, ക്ലാസ് റൂം ലേണിങ് മാനേജ്മെന്റ് സിസ്റ്റം അസൈൻമെന്റ്, സെമിനാറുകൾ, ക്വിസ് എന്നിവ അപ്ലോഡ് ചെയ്ത് മൂല്യനിർണയം നടത്താം. വേർഡ് പ്രോസസിങ്, പ്രസന്റേഷൻ, സ്പ്രഡ്ഷീറ്റ്, ഡ്രോയിങ് എന്നിവ നടത്താം. നിലവിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ജി സ്യൂട്ടിൽ ലോഗിൻ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.