തൃശൂര്‍ നഗരത്തിലെങ്ങും പാർക്കിങ് കൊള്ള
text_fieldsതൃശൂര്‍: ജനറല്‍ ആശുപത്രിയിൽ മാത്രമല്ല നഗരത്തിലെങ്ങും പാർക്കിങ് കൊള്ള തുടരുന്നു. വിവിധ സ്ഥാപനങ്ങളിലും സ്വകാര്യ -കോർപറേഷൻ പാർക്കിങ് സെന്ററുകളിലും ഒരു മാറ്റവുമില്ലാതെ ഇത് തുടരുകയാണ്. റെയിൽവേ സ്റ്റേഷനിൽ അടക്കം സങ്കീർണമാണ് കാര്യങ്ങൾ. തോന്നിയ രീതിയിലാണ് വിവിധ വാഹനങ്ങളിൽനിന്നും പലരും ഫീസ് ഈടാക്കുന്നത്. ഇത് ചോദ്യം ചെയ്താൽ സംഘടിതമായ ആക്രമണമാണ് നേരിടേണ്ടി വരുക.
ജനറൽ ആശുപത്രിയിൽ രോഗിയുമായി എത്തുന്ന വാഹനങ്ങൾ തീവ്രപരിചരണ വിഭാഗത്തിന് സമീപത്ത് വാഹനം നിർത്തി രോഗിയെ ഇറക്കുംമുമ്പ് വാഹനം മാറ്റിയിടാനും തുക പിരിക്കാനുമായി എത്തുന്ന സമാന പിടിച്ചുപറിയാണ് ഇതര സ്ഥാപനങ്ങളിലുമുള്ളത്. ബൈക്ക് യാത്രികരിൽനിന്നുപോലും വൻ തുകയാണ് പിരിക്കുന്നത്. ഇതാകട്ടെ, സമയം വൈകുന്നതനുസരിച്ച് തുകയും കൂടും.
വിവിധ മേഖലകളിലും അരങ്ങേറുന്നത് സമാനമായ കൊള്ളയാണ്. തോന്നിയ രീതിയിലാണ് കരാറുകാർ പരിവ് നടത്തുന്നത്. ഇത് ചോദ്യം ചെയ്താൽ ആക്ഷേപവും മോശം പെരുമാറ്റവുമാണ് അവരിൽ നിന്ന് ഉണ്ടാവുന്നത്.
വിവിധ ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരിൽ അധികപേരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആശ്രയിക്കുന്നത് പാർക്കിങ് കേന്ദ്രങ്ങളെയാണ്. എന്നാൽ, അതിനനുസരിച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ വാഹനങ്ങൾ സൂക്ഷിക്കുന്നതിൽ ജാഗ്രത കാണിക്കുകയോ ഇക്കൂട്ടർ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും നിത്യമാണ്. കൂടുതൽ പണം നൽകിയിട്ടും ആവശ്യമായ സുരക്ഷ ഒരുക്കാൻ പോലും ഇവർ തയാറല്ല. കോർപറേഷൻ അധികാരികളുടെ പിൻബലത്തിലാണ് ഒരു മാനദണ്ഡവും പാലിക്കാതെ തോന്നിയ ഫീസ് വാഹനങ്ങൾക്ക് ഈടാക്കുന്നത്. ഇതിന് വിഹിതം പറ്റുന്ന ഉദ്യോഗസ്ഥർ വരെയുണ്ടെന്ന ആരോപണമാണ് ജനം ഉന്നയിക്കുന്നത്.
പാർക്കിങ് കാര്യങ്ങൾ സുഗമമല്ലാത്തതിനാൽ പാതയോരങ്ങളിലും കാൽനട പാതയിലും അടക്കം വാഹനങ്ങൾ ജനം പാർക്ക് ചെയ്യുകയാണ്. മാളുകൾ അടക്കം വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളിൽ നിന്നും പാർക്കിങ് ഫീസ് ഈടാക്കുന്ന സമ്പ്രദായവും നഗരത്തിൽ തുടരുകയാണ്. ഇവക്കും അധികൃതരുടെ ഒത്താശയാണ് പിൻബലം. ബഹുനില കെട്ടിടങ്ങൾക്ക് പാർക്കിങ് സൗകര്യം വേണമെന്ന നിബന്ധന പാലിക്കുന്നതിൽ കോർപറേഷൻ വിമുഖത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.